വെട്ടിമുകൾ വിക്ടറി ലൈബ്രറിക്ക് പുനർജന്മം : നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നാളെ
1583880
Thursday, August 14, 2025 7:11 AM IST
ഏറ്റുമാനൂർ: ഒന്നര പതിറ്റാണ്ടിലേറെയായി പ്രവർത്തനം നിലച്ചിരുന്ന വെട്ടിമുകൾ വിക്ടറി ലൈബ്രറിക്ക് പുനർജന്മം. നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം നാളെ പുനരാരംഭിക്കും. 51 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ലൈബ്രറിയുടെ പ്രവർത്തനം 16 വർഷം മുമ്പാണ് നിലച്ചത്. വെട്ടിമുകൾ ജംഗ്ഷനു സമീപം ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയോട് ചേർന്നാണ് ലൈബ്രറി കെട്ടിടം. പ്രവർത്തനം നിലച്ചതോടെ ഇരുനില കെട്ടിടം സാമൂഹ്യ വിരുദ്ധർ താവളമാക്കിയിരിക്കുകയായിരുന്നു.
ലൈബ്രറി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ദീപിക വാർത്ത പ്രസിദ്ധീകരിച്ചതോടെ ലൈബ്രറി പുനരുജ്ജീവിപ്പിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടന്നിരുന്നു. വ്യാപാരിയും പൊതുപ്രവർത്തകനുമായ സിറിൾ ജി. നരിക്കുഴിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുടെ ഒരു വർഷത്തിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ ലൈബ്രറിയുടെ പ്രവർത്തനം വീണ്ടും തുടങ്ങുന്നത്.
ഏറ്റുമാനൂർ പഞ്ചായത്തിന്റെയും വെട്ടിമുകൾ സെന്റ് പോൾസ് പള്ളിയിലെ വൈദികരുടെയും സഹകരണത്തോടെയാണ് 51 വർഷം മുമ്പ് ലൈബ്രറി ആരംഭിച്ചത്. പഞ്ചായത്തിന്റെയും ലൈബ്രറി കൗൺസിലിന്റെയും ഗ്രാന്റോടെ പാലാ റോഡിനോട് ചേർന്ന് സ്ഥലം സ്വന്തമാക്കി ഒരു നിലയിൽ കെട്ടിടം പണിതു. പിന്നീട് കലാപരിപാടികൾ നടത്തി ഫണ്ട് സ്വരൂപിച്ച് മുകൾ നില നിർമിച്ചു. 35 വർഷം മുമ്പ് ടെലിവിഷൻ വ്യാപകമാകും മുമ്പ് ടിവി ഉണ്ടായിരുന്ന ലൈബ്രറിയാണിത്. 450ലേറെ അംഗങ്ങളും ആയിരക്കണക്കിന് പുസ്തകങ്ങളും ഉണ്ടായിരുന്നു. പുസ്തകങ്ങളും ഉപകരണങ്ങളുമെല്ലാം പൂർണമായി നശിച്ചുപോയി. കെട്ടിടവും ബലക്ഷയത്തിലായി.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെട്ടിടം നവീകരിച്ചു. ഓഫീസും റീഡിംഗ് റൂമും ലൈബ്രറിയും സജ്ജമാക്കി. സന്നദ്ധ സംഘടനകളും നാട്ടുകാരും സംഭാവനയായി പുസ്തകങ്ങൾ നൽകി. വെട്ടിമുകളിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രത്തെ പുനരുജ്ജീവിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് അക്ഷര സ്നേഹികളായ നാട്ടുകാർ.
നാളെ രാവിലെ 10ന് വായനശാലാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് സിറിൾ ജി. നരിക്കുഴി അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി മുഖ്യപ്രഭാഷണം നടത്തും.