മാങ്ങാനത്തെ കവര്‍ച്ച: ഇതരസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തില്‍
1583877
Thursday, August 14, 2025 7:11 AM IST
കോട്ടയം: മാങ്ങാനത്തെ വില്ലയില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടത്തിയ വടക്കേന്ത്യന്‍ അഞ്ചംഗ കൊള്ളസംഘം കേരളം വിട്ടിട്ടില്ലെന്ന് പോലീസ് സംശയിക്കുന്നു. പുതുപ്പള്ളി, കോട്ടയം, ചിങ്ങവനം പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതികള്‍ മടങ്ങിയതിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രതികളെന്നും കേരളത്തിലെ ആളൊഴിഞ്ഞ വീടുകളും വില്ലകളും ഇവര്‍ ഉന്നമിട്ടിട്ടുണ്ടെന്നും വ്യക്തമാണ്. മോഷ്ടാക്കളുടെ ഉയരം, ശരീരഘടന എന്നിവയില്‍നിന്ന് പ്രതികള്‍ വടക്കേന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്ന വ്യാജേന ഒരു സംഘം നാടുചുറ്റി ആള്‍ത്താമസമില്ലാത്ത സമ്പന്ന വീടുകളെപ്പറ്റി ഇവര്‍ക്ക് സൂചന നല്‍കുന്നുണ്ട്. വിദേശത്തു കഴിയുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നുപോകുന്നവരുടെ വീടുകളും സ്ത്രീകള്‍ തനിച്ചു കഴിയുന്ന വീടുകളുമാണ് ഉന്നമിടുന്നത്.
ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീടുകളുടെ പൂട്ട് തകര്‍ത്താണ് കയറുക. അടുത്തയിടെ മാങ്ങാനത്തും പരിസരങ്ങളിലും പണിക്കു വന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കൊള്ളസംഘം മാസങ്ങളോളം വിവിധിയടങ്ങളില്‍ മോഷണം നടത്തിയശേഷമാണ് നാട്ടിലേക്ക് മടങ്ങുക.
ഈ സാഹചര്യത്തില്‍ പ്രതികളെ കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് പ്രത്യേക പോലീസ് സംഘം. സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തികളുടെ സഞ്ചാരപാത അറിയാന്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സിസി ടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഇതേ സമയത്ത് സ്ഥലത്തെ ടവറുകളിലൂടെ കടന്നുപോയിട്ടുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആയിരത്തിലധികം കോളുകളാണ് മോഷണം നടന്ന രാത്രി 11 മുതല്‍ പുലര്‍ച്ചെ വരെ കടന്നുപോയിട്ടുള്ളത്. മെലിഞ്ഞ് ഉയരമുള്ള നാലുപേരുടെയും ബാഗുമായി എത്തുന്ന ഒരാളുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ സംഘത്തിന് വിവരം നല്കുന്ന ഇതരസംസ്ഥാനത്തൊഴിലാളിയാണെന്ന് സംശയിക്കുന്നു.
മാങ്ങാനത്തെ മൂന്നു വില്ലകളുടെ പരിസരങ്ങളിലും ഒരു ക്ലിനിക്കിലും മോഷ്ടാക്കളെത്തിയിരുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു വിരലടയാളം പോലീസിനു ലഭിച്ചിട്ടുണ്ട്.