ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ഫാസി നിയമം ദുരുപയോഗിക്കുന്നുവെന്ന് സംരംഭക സംഘടനകള്‍
1583666
Wednesday, August 13, 2025 11:15 PM IST
കോട്ടയം: ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ഫാസി നിയമം ദുരുപയോഗിക്കുന്നുവെന്ന് സംരംഭക സംഘടനകള്‍. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ മുഴുവന്‍ എംപിമാര്‍ക്കും കത്തെഴുതുമെന്നു നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് എംഎസ്എംഇ ഭാരവാഹികള്‍ പറഞ്ഞു.
യഥാസമയം സഹായം നല്കാനായാല് സമ്പൂര്‍ണ തകര്‍ച്ചയില്‍നിന്ന് സംരംഭകരെ രക്ഷിക്കാന്‍ കഴിയും. ഇതിന് തയാറാകാതെ ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ഫാസി നിയമം ദുരുപയോഗിക്കുകയാണ്.
വായ്പയെടുക്കുന്ന ചെറുകിട ഇടത്തരം വ്യവസായികള്‍, വ്യാപാരികള്‍, കര്‍ഷകര്‍, കരാറുകാര്‍ തുടങ്ങിയവരും മറ്റ് സാധാരണ ജനങ്ങളും സര്‍ഫാസി നിയമത്തിന്റെ കരിനിഴലിലാണ്. ഈട് വസ്തുക്കള്‍ പ്രത്യേക കോടതി ഉത്തരവുകള്‍ ഇല്ലാതെ തന്നെ പിടിച്ചെടുക്കാനും ലേലം ചെയ്ത് വായ്പാതുകയും പലിശയും വസൂലാക്കാനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് 2002-ലെ സര്‍ഫാസി ആക്ട്.
സര്‍ക്കാരില്‍നിന്നുള്ള കുടിശിക, നയവ്യതിയാനങ്ങള് മൂലമുള്ള പ്രതിസന്ധി, പ്രതികൂല കാലാവസ്ഥ, അനാരോഗ്യം തുടങ്ങിയവ സംരംഭങ്ങളെ പ്രതിസന്ധിയിലാക്കുന്നു. വായ്പയുടെ കാലാവധി നീട്ടികൊടുക്കുകയോ, വായ്പാതുക മതിയായ ഈടില്‍ വര്ധിപ്പിച്ചുകൊടുക്കുകയോ ചെയ്യണം.
ഏകപക്ഷീയവും സുതാര്യതയില്ലാത്തതുമായ വായ്പാ വ്യവസ്ഥകളില്‍ പിഴയും പിഴപ്പലിശയും ചുമത്തി ഇടപാടുകാരെ ധനകാര്യ സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഒക്ടോബര്‍ രണ്ടിനു തിരുവനന്തപുരത്ത് സംരംഭകരുടെ കണ്വന്ഷന് നടത്തും.
പത്രസമ്മേളനത്തില്‍ വര്‍ഗീസ് കണ്ണമ്പള്ളി, സേവ്യര്‍ തോമസ് കൊണ്ടോടി, ജോഷ് ലോറന്‍സ് പ്ലാമ്മൂട്ടില്‍, ഷാജി ജോസഫ് ഇലവതില്, ജോയി ചെട്ടിശേരി, അഭി എം. പൊന്നാട്ട് എന്നിവര്‍ പങ്കെടുത്തു.