ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിലെ പരാതികള്‍ക്കു പരിഹാരം
1583664
Wednesday, August 13, 2025 11:15 PM IST
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പഞ്ചായത്തില്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ച് അന്തിമവിജ്ഞാപനമിറക്കി. കരട് വിജ്ഞാപനത്തില്‍ ഉയര്‍ന്ന പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും പരിഹാരം കണ്ട് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ അന്തിമ വിജ്ഞാപനവും പുറത്തിറക്കിയതോടെ ജില്ലയിലെ വാര്‍ഡ് വിഭജനം പൂര്‍ണമായി.
22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുണ്ടായിരുന്നത് ഒന്ന് വര്‍ധിച്ച് 23 ഡിവിഷനുകളായി. നിലവിലെ പൂഞ്ഞാര്‍ ഡിവിഷനിലെയും മുണ്ടക്കയം ഡിവിഷനിലെയും വിവിധ ബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ത്ത് തലനാട് ഡിവിഷന് എന്ന പുതിയ ഡിവിഷനാണ് രൂപീകരിച്ചത്. വാര്‍ഡ് വിഭജനത്തില്‍ അന്തിമ വിജ്ഞാപനമായതോടെ ഇനി ഡിവിഷനുകള്‍ നറുക്കിട്ട് സംവരണം നിശ്ചയിക്കും.
വൈക്കം, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, കങ്ങഴ, പാമ്പാടി, വാകത്താനം, തൃക്കൊടിത്താനം, കുമരകം, അതിരമ്പുഴ, തലയാഴം എന്നീ ഡിവിഷനുകളാണ് നിലവില്‍ വനിതാ സംവരണം. പൊന്‍കുന്നം ഡിവിഷന് പട്ടികജാതി സംവരണവും മുണ്ടക്കയം ഡിവിഷന് പട്ടികജാതി വനിതാ സംവരണവുമാണ്. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരുന്നു സംവരണം. ഇത്തവണ ജനറലാകാനാണ് സാധ്യത. സംവരണ സാധ്യതയുമുണ്ട്. സംവരണം നിശ്ചയിച്ചു കഴിഞ്ഞാല്‍ ത്രിതല തെരഞ്ഞെടുപ്പിനു കളമൊരുങ്ങും.
വലിയ ഡിവിഷന് അതിരമ്പുഴ; ചെറുത് പൂഞ്ഞാര്‍
അന്തിമവിജ്ഞാപന പ്രകാരം ജില്ലാ പഞ്ചായത്തില്‍ വലിയ ഡിവിഷന് അതിരമ്പുഴയാണ്. എംജി യൂണിവേഴ്സിറ്റിയും മെഡിക്കല്‍ കോളജും ഉള്‍പ്പെടുന്ന ഡിവിഷനില്‍ 86,748 വോട്ടര്‍മാരുണ്ട്. 55,362 വോട്ടര്‍മാരുള്ള പൂഞ്ഞാര്‍ ഡിവിഷനാണു ചെറിയ ഡിവിഷന്.
(വാര്‍ഡു പുനര്‍ വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ e-gazatte വെബ് സൈറ്റില്‍ www.compose.kerala.gov.in. എന്ന ലിങ്കില്‍ ലഭിക്കും).
കരടു വിജ്ഞാപനത്തില്‍
നിന്നുള്ള മാറ്റങ്ങള്‍
കരട് വിജ്ഞാപനത്തിലെ പരാതികള്‍ കേട്ട് അന്തിമ വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ 12 വാര്‍ഡുകളിലൊഴികെ ബാക്കി എല്ലായിടത്തും മാറ്റമുണ്ടായി. വൈക്കം ഡിവിഷനില്‍നിന്നു മറവന്തുരുത്ത് വെള്ളൂര്‍ ഡിവിഷനിലേക്കും തലയാഴത്തുനിന്നും തോട്ടകം വൈക്കത്തേക്കും മാറി. വെള്ളൂരില്‍നിന്ന് ആപ്പാഞ്ചിറ കടുത്തുരുത്തിയിലേക്കും കടുത്തുരുത്തിയില്‍നിന്നു മാഞ്ഞൂര്‍ കുറവിലങ്ങാട്ടേക്കും മാറി.
പൂഞ്ഞാറില്‍നിന്നു മഞ്ചക്കുഴി ഭരണങ്ങാനം ഡിവിഷനില്‍ ചേര്‍ത്തപ്പോള്‍ മുണ്ടക്കയത്തുനിന്നു ചോറ്റി പുതിയ ഡിവിഷനായ തലനാട്ടില്‍ ചേര്‍ന്നു. തലനാട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന കളത്തൂക്കടവ് പൂഞ്ഞാറിലേക്കും കൂട്ടിക്കല്‍ മുണ്ടക്കയത്തേക്കും മാറ്റി. കാഞ്ഞിരപ്പള്ളിയില്‍നിന്നു ചേനപ്പാടി എരുമേലിയിലേക്ക് പോയപ്പോള്‍ എരുമേലിയില്‍നിന്നു മണിമല കാഞ്ഞിരപ്പള്ളിയിലെത്തി.
ചേനപ്പാടി എരുമേലിയില്‍ നിലനിര്‍ത്തി;
മഞ്ചക്കുഴി പൂഞ്ഞാറില്‍നിന്നു മാറ്റി ഭരണങ്ങാനത്ത്
കരടുപട്ടിക അശാസ്ത്രീയം, പല നഗരത്തെയും വിഭജിക്കുന്നത്, കൂട്ടിച്ചേര്‍ക്കപ്പെട്ട ഡിവിഷനുകളുമായി യാതൊരു ബന്ധവുമില്ലാത്തത് തുടങ്ങി വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. അദാലത്ത് നടത്തിയാണ് വിഭജനത്തിലെ അപാകതകള്‍ പരിഹരിച്ചത്. എരുമേലി ഡിവിഷന് വിഭജനത്തിനെതിരേയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. ചേനപ്പാടി ബ്ലോക്ക് ഡിവിഷന് കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റിയതോടെ എരുമേലി നഗരത്തെ രണ്ടു ഡിവിഷനുകളാക്കുന്ന വിധത്തിലാണ് വിഭജനമെന്നായിരുന്നു പ്രധാന പരാതി.
ചേനപ്പാടി ബ്ലോക്ക് കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്ക് മാറ്റിയതോടെ ഈ ബ്ലോക്കില്‍ ഉള്‍പ്പെട്ടിരുന്ന എരുമേലി വിമാനത്താവളം കാഞ്ഞിരപ്പള്ളി ഡിവിഷന്റെ കീഴിലായിരുന്നു. കൂടാതെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗം വരെ കാഞ്ഞിരപ്പള്ളി ഡിവിഷന്റെ കീഴിലായിരുന്നു. ഇത് അശാസ്ത്രീയമാണെന്നായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരാതി ഉന്നയിച്ചത്. ചേനപ്പാടി ഡിവിഷന് എരുമേലി ജില്ലാ പഞ്ചായത്തില്‍ നിലനിര്‍ത്തിയാണു പ്രശ്നം പരിഹരിച്ചത്.
മഞ്ചക്കുഴി ബ്ലോക്ക് ഡിവിഷന് പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്തില്‍ ചേര്ത്തതിനെതിരേയും വ്യാപക പരാതി ഉയര്‍ന്നിരുന്നു പൂഞ്ഞാര്‍ ഡിവിഷനുമായി ഭൂമിശാസ്ത്രപരമായി ഒരു ബന്ധവുമില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഭരണങ്ങാനം ഡിവിഷനിലേക്കു മഞ്ചക്കുഴി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.