ലഹരിമുക്ത കുടുംബം പ്രോജക്ടുമായി പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്കൂൾ
1583661
Wednesday, August 13, 2025 11:15 PM IST
പ്രവിത്താനം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മുന്നേറ്റത്തിന് ഒരുങ്ങുകയാണ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളിലെ വിദ്യാര്‍ഥികളുടെ ഭവനങ്ങളെ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവര്‍ത്തനങ്ങളാണ് സ്കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്.
അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍, തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബ്, കൗണ്‍സലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ലഹരിവിരുദ്ധ പ്രോജക്ടിന്റെ ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞു രണ്ടിന് ഹൈസ്കൂള്‍ ഹാളില്‍ നടക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പദ്ധതി ഉദ്ഘാടനം ചെയ്യും. പാലാ അഡാര്‍ട്ട് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലില്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. അനീഷ് കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര് ജിനു ജെ. വല്ലനാട്ട്, എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് ബാബു ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എംപിടിഎ പ്രസിഡന്റ് സോനാ ഷാജി എന്നിവര്‍ പ്രസംഗിക്കും.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോജിമോന് ജോസ്, ലഹരിവിരുദ്ധ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാരായ ലീന സെബാസ്റ്റ്യന്‍, എലിസബത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പാലാ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും അഡാര്‍ട്ടിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫെഡറല്‍ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.