പാലാ നഗരസഭയുടെ വാണിജ്യ സമുച്ചയങ്ങള്‍ ബാധ്യതയാകുന്നു
1583659
Wednesday, August 13, 2025 11:15 PM IST
പാലാ: നഗരസഭയുടെ വാണിജ്യ സമുച്ചയത്തിലെ മുറികള്‍ വാടകയ്ക്കെടുക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. വര്‍ഷങ്ങളായി പല തവണ ലേലം നടത്തിയിട്ടും ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നു. ഈ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി എടുത്ത വായ്പകള്‍ വന്‍ കുടിശികയായി തിരിച്ചടയ്ക്കാനുള്ളപ്പോളാണ് മുറികളില്‍നിന്ന് വരുമാനം ലഭിക്കാത്ത സാഹചര്യമുള്ളത്.
തെക്കേക്കര, കൊട്ടാരമറ്റം, മൂന്നാനി ലോയേഴ്സ് ചേംബര്‍ എന്നീ സമുച്ചയങ്ങളിലാണ് പ്രധാനമായും മുറികള്‍ ഒഴിഞ്ഞു കിടക്കുന്നത്.
പാലാ നഗരസഭയുടെ വാണിജ്യസമുച്ചയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങളുടെ സെക്യൂരിറ്റി തുക കുറച്ച് പലതവണ ലേലം നടത്തിയിരുന്നു. മുറികളുടെ നിര്‍മാണത്തിലെ അശാസത്രീയതയും വാടകയ്ക്കെടുക്കുന്നതില്നിന്ന് പിന്തിരിപ്പിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.
മൂന്നാനി ലോയേഴ്സ് ചേംബര്‍ കെട്ടിടത്തില്‍ മൂന്ന് നിലകളിലായി ശൗചാലയ സൗകര്യത്തോടെ 72 മുറികളാണുള്ളത്. 2022ല്‍ ലേലം ചെയ്തപ്പോള്‍ അഞ്ചു മുറികള്‍ മാത്രമാണ് ലേലത്തില്‍ പോയത്. അവശേഷിക്കുന്നവ കോട്ടയം ട്രിപ്പിള്‍ ഐടിക്ക് വാടകയ്ക്ക് നല്കാന് പദ്ധതിയുണ്ടെങ്കിലും നടപടികള്‍ ഇഴയുകയാണ്. തെക്കേക്കരയിലെയും രാമപുരം റോഡിലെയും വാണിജ്യ സമുച്ചയത്തിലും മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
കെട്ടിടങ്ങള്‍ വാടകയ്ക്കു നല്കുമ്പോള് വ്യക്തമായ കരാറുണ്ടാക്കുന്നതിലും വീഴ്ച വരുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ കരാര്‍ വ്യവസ്ഥകളില്ലാതെ മുറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നത് ചട്ടവിരുദ്ധമാണ്. ഇതു ഭാവിയില്‍ കോടതി വ്യവഹാരങ്ങളുണ്ടായാല് നഗരസഭയ്ക്ക് വിജയിക്കാനാവാത്ത സാഹചര്യമുണ്ടാക്കും. കൂടാതെ വാടക കുടിശിക വരുത്തുന്നവരുടെ കരുതല്‍ തുകയില്‍നിന്ന് തുക ഈടാക്കാന്‍ സാധിക്കാത്തതിനാലും വരുമാന നഷ്ടമുണ്ടാകുന്നു.
കൃത്യമായ കണക്കുകളുടെയും രജിസ്റ്ററുകളുടെയും അഭാവത്തില്‍ കുടിശിക വരുത്തിയവരുടെ നിക്ഷേപം വാടകയിനത്തില്‍ വരവു ചേര്ക്കാനാകുന്നില്ല.
തുക കുറച്ച് ലേലം
നടത്തും: ചെയര്മാന്
പൊതുവായ സാമ്പത്തിക മാന്ദ്യം കാരണം വ്യാപാര രംഗത്തേക്കു വരുവാന്‍ ആളുകള്‍ മടിക്കുകയാണെന്നും ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ വാടകയ്ക്കു കൊടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തുക കുറച്ച് ലേലം നടത്തിവരികയാണെന്നും നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ പറഞ്ഞു.