എയ്ഞ്ചൽവാലി കേരളപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു
1583658
Wednesday, August 13, 2025 11:15 PM IST
കണമല: കാട്ടാനകളെ ഭയന്ന് വീടുവിട്ട് താമസം മാറിയത് അന്പതോളം കുടുംബങ്ങൾ. അവശേഷിച്ചവർ ആനകളുടെ ആക്രമണത്തെ ഭയന്ന് ഭീതിയിൽ. കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയിൽ ആനകളെ കണ്ട് ഭയന്നു കഴിയുകയാണ് എയ്ഞ്ചൽവാലി കേരളപ്പാറയിൽ കാക്കനാട്ട് തോമസും ഭാര്യയും. 65 വയസ് കഴിഞ്ഞ തോമസ് ശാരീരിക അവശത മൂലം ബുദ്ധിമുട്ടിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ ആന തോമസിന്റെ പറമ്പിലെ റബർ, വാഴ, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. നാളുകളായി ആന വനത്തിൽ നിന്നെത്തി കൃഷികൾ നശിപ്പിക്കുകയാണ്. വനംവകുപ്പിൽ അറിയിച്ചിട്ട് പരിഹാരം ഉണ്ടായില്ലന്ന് സൈന്യത്തിൽ സേവനം ചെയ്യുന്ന തോമസിന്റെ മകൻ നോബിൾ പറഞ്ഞു.
ചുറ്റുവട്ടത്തുള്ള ഒട്ടേറെ കുടുംബങ്ങൾ വന്യമൃഗശല്യം മൂലം പലപ്പോഴായി താമസം മാറിപ്പോയി. അവശേഷിക്കുന്ന ഏതാനും കുടുംബങ്ങൾ കൂടി ഇവിടെ വിട്ടൊഴിഞ്ഞു പോയാൽ ജനവാസം പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണെന്ന് നോബിൾ പറഞ്ഞു. പുലിയുടെ സാന്നിധ്യം പല തവണയുണ്ടായി. വളർത്തുനായ്ക്കളിൽ പലതിനെയും ചത്ത നിലയിൽ കണ്ടിരുന്നു. പുലി കൊന്നതാണെന്നാണ് കരുതുന്നത്.
രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് പ്രദേശവാസികൾ. തോമസിന്റെ പറമ്പിലേക്ക് നാളുകൾക്ക് മുന്പ് വനത്തിൽ നിന്നുള്ള വലിയ മരം കടപുഴകി വീണിരുന്നു. 12 റബർ മരങ്ങളാണ് ഈ മരം വീണപ്പോൾ തകർന്നത്. മരം മുറിച്ചു നീക്കാൻ വനംവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടില്ല.
ആനകൾ പറമ്പിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ സോളാർ വേലിയുണ്ട്. എന്നാൽ ഇതിൽ വൈദ്യുതി പ്രവാഹമില്ലന്ന് നാട്ടുകാർ പറയുന്നു. ആനകളെ വനത്തിനുള്ളിലേക്ക് തുരത്താൻ വനംവകുപ്പ് തയ്യാറാകുന്നില്ല. സോളാർ വേലിയിൽ വൈദ്യുതി ചാർജ് ചെയ്യുകയും ആനകളെ തുരത്താനും വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം മാത്യു ജോസഫ് ആവശ്യപ്പെട്ടു.