കല്ലും മണ്ണും നിറഞ്ഞ് മുണ്ടക്കയം ബൈപാസ്; തിരിഞ്ഞുനോക്കാതെ അധികൃതർ
1583656
Wednesday, August 13, 2025 11:15 PM IST
മുണ്ടക്കയം: മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വാഹനയാത്ര സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയം ബൈപാസ് നിർമിച്ചത്. എന്നാൽ ഇപ്പോൾ റോഡ് നാശത്തിന്റെ വക്കിലാണ്.
റോഡിന്റെ വശത്തെ മണ്ണെടുപ്പും തടിവ്യാപാരവും മൂലം റോഡിലേക്ക് കല്ലും മണ്ണും വീണ് ചെളിക്കുണ്ടിന് സമാനമായി മാറിയിരിക്കുകയാണ്. മഴ പെയ്തതോടെ മണ്ണും ചെളിയും റോഡിൽ നിരന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടുവാനുള്ള സാധ്യതയും വർധിക്കുകയാണ്. കെട്ടിക്കിടക്കുന്ന ചെളിവെള്ളം ഇരുചക്ര വാഹന, കാൽനട യാത്രക്കാരുടെ മേൽ തെറിക്കുന്നതും പതിവായി. ഇതോടെ പല വാഹന യാത്രക്കാരും മുണ്ടക്കയം ബൈപാസ് ഉപേക്ഷിച്ച അവസ്ഥയിലാണ്.
ബൈപാസ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ലക്ഷങ്ങൾ മുടക്കിയാണ് വശങ്ങളിൽ ഓട നിർമാണം നടക്കുന്നത്. എന്നാൽ നിർമാണം പൂർത്തിയാകും മുന്പേ തടിയും മണ്ണും ഓടയിലേക്കിട്ടു നികത്തി. ഓട പല ഭാഗത്തും പൂർണമായും അടച്ച അവസ്ഥയിലാണ്. എന്നാൽ ഇതൊന്നും കണ്ടഭാവം പോലും അധികാരികൾ നടിക്കുന്നില്ല.
റോഡിന്റെ വശങ്ങളിൽ അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന തടി വാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം നിരവധി വാഹനാപകടങ്ങളാണ് ബൈപാസിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.