എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാനും അപ്പീലിനും നിർദേശിച്ച് മന്ത്രി
1583655
Wednesday, August 13, 2025 11:15 PM IST
എരുമേലി: കെഎസ്ആർടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്റർ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റാൻ ഗതാഗതമന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. ഓപ്പറേറ്റിംഗ് സെന്റർ ഉൾപ്പെടുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ അപ്പീൽ നൽകുന്നതിനും മന്ത്രി നിർദേശം നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകിയ നിവേദനത്തെത്തുടർന്നാണ് ഇത് സംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്.
സെന്ററിലെ കെട്ടിടം അപകടാവസ്ഥയിലായതിനാൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടത്താൻ മന്ത്രി നിർദേശം നൽകിയെന്ന് എംഎൽഎ അറിയിച്ചു. ഇതിനായി സ്റ്റാൻഡിനു സമീപമുള്ള ദേവസ്വം ബോർഡിന്റെ ബഹുനില കെട്ടിടത്തിൽനിന്നു മൂന്ന് മുറികൾ വിട്ടുനൽകണമെന്ന് ദേവസ്വം ബോർഡിന് എംഎൽഎ കത്ത് നൽകി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.