ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്
1583654
Wednesday, August 13, 2025 11:15 PM IST
കാഞ്ഞിരപ്പള്ളി: റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രദേശവാസികള്‍ നടത്തിയ സമരം രാഷ്ട്രീയപ്രേരിതവും ആസൂത്രിതവുമാണെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡംഗം ഷാലിയമ്മ ജയിംസും പ്രദേശവാസികളും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതിപക്ഷാംഗമായ തന്റെ വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് റോഡ് നവീകരണം കരാറുകാരനെ കൂട്ടുപിടിച്ച് വൈകിപ്പിക്കുന്നത്. പഞ്ചായത്ത് 15-ാം വാര്‍ഡ് കുന്നുംഭാഗം റോഡ് നവീകരണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് ഏഴിന് ജോലികള്‍ കരാറുകാരന് ആരംഭിച്ചെങ്കിലും റോഡ് കുത്തിപ്പൊളിച്ചശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തി. പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചു.
സെക്രട്ടറി കരാറുകാരനെ വിളിച്ചുവരുത്തി റോഡ് പണി ഉടനെ തുടങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്തിലെത്തി പ്രസിഡന്റിനെ കണ്ട് എത്രയും വേഗത്തില്‍ പണി പുനരാരംഭിക്കണമെന്ന് പറയാനെത്തിയ പ്രദേശവാസികളുടെ നേരേ പ്രസിഡന്റ് ആക്രോശിച്ച് എത്തുകയായിരുന്നു. പരസ്പരവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെയും കോണ്ട്രാക്ടറുടെയും അനാസ്ഥയ്ക്കെതിരേയാണ് തങ്ങള്‍ പഞ്ചായത്തില്‍ എത്തിയതെന്നും കുന്നുംഭാഗം നിവാസികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ലിസി പൈലോ, കെ.ജെ. വര്‍ഗീസ്, ബെന്നി ജോണ്‍, മഞ്ജു രാജു, ഷാലിമ ജയിംസ് എന്നിവരും പങ്കെടുത്തു.
മുണ്ടക്കയം: തെക്കേമല ഗ്രാമസംഗമം അട്ടിമറിച്ചതായുള്ള പെരുവന്താനം പഞ്ചായത്തംഗം ഷാജി പുല്ലാട്ടിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ നിജിനി ഷംസുദ്ദീന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടകയായ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് പരിപാടിയില്‍നിന്നു പിന്മാറിയത് തന്റെ തലയിൽ വച്ചൊഴിയാനുള്ള നീക്കമാണ് തെക്കേമല വാര്‍ഡ് മെംബര്‍ കൂടിയായ ഷാജി പുല്ലാട്ട് നടത്തുന്നത്. പരിപാടി സ്പോണ്സര് ചെയ്യുന്ന സ്വകാര്യ സ്ഥാപന ഉടമകളെ സംബന്ധിച്ച് പോലീസ് രഹസ്യാന്വേണ വിഭാഗം അന്വേഷിച്ചു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. അതു സംബന്ധിച്ച ശബ്ദരേഖ തന്റെ കൈവശമുണ്ടന്നും നിജിനി പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ നടത്താനിരുന്ന പ്രോഗ്രാമിനു ജില്ലാ കളക്ടറെ ക്ഷണിക്കാന്‍ നല്കിയ കത്ത് ഇപ്പോള്‍ വ്യാജമായി പ്രചരിപ്പിക്കുയാണ്. തെക്കേമല വാര്‍ഡിലെ വനിതാസംഘങ്ങളില്നിന്നു ഗ്രാമസംഗമത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായും നിജിനി ആരോപിച്ചു. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്. ബൈജുവും പങ്കെടുത്തു.