എലിക്കുളത്ത് വികസന കോൺക്ലേവ് സംഘാടകസമിതി യോഗം
1583646
Wednesday, August 13, 2025 10:22 PM IST
എലിക്കുളം: 2035ൽ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തതയുള്ള ഗ്രാമമായി എലിക്കുളം പഞ്ചായത്തിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുമായി എലിക്കുളം വികസന കോൺക്ലേവ്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി രൂപീകരണത്തിനായി സംഘാടകസമിതി യോഗം ചേർന്നു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറകടർ ട്രീസ സെലിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഷാജി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സൂര്യാമോൾ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ, ഷേർളി അന്ത്യാംകുളം, സെൽവി വിത്സൻ, സിനി ജോയ്, കെ.എം. ചാക്കോ, മാർട്ടിൻ ജോർജ്, കെ. പ്രവീൺ, എ.ജെ. അലക്സ് റോയ്, കെ.സി. സോണി, വി.വി. ഹരി വാളാച്ചിറയിൽ, ടോമി കപ്പിലുമാക്കൽ, കെ.എൻ. രാധാകൃഷ്ണപിള്ള, വി.പി. ശശി, കെ.ആർ. മന്മഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത്പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ചെയർമാനായും എസ്. ഷാജി കൺവീനറായും 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. ആദ്യഘട്ടമായി സംവാദസദസുകൾ, സെമിനാറുകൾ, പഠന പരിപാടികൾ, പ്രദർശനമേളകൾ തുടങ്ങിയവ നടത്തും. ഇവ ക്രോഡീകരിച്ചുള്ള വികസനസദസുകൾ സെപ്റ്റംബർ 22 മുതൽ 27 വരെ നടത്തും. മന്ത്രിമാർ, വിവിധ രംഗങ്ങളിലെ വിദഗ്ധർ, സന്നദ്ധ-സാംസ്കാരിക പ്രവർത്തകർ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.