കാഞ്ഞിരപ്പള്ളി ഫയര്സ്റ്റേഷൻ കെട്ടിടത്തിന് 2.10 കോടിയുടെ ധനാനുമതി
1583645
Wednesday, August 13, 2025 10:22 PM IST
കാഞ്ഞിരപ്പള്ളി: ഫയര്സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 2.10 കോടി രൂപയുടെ ധനാനുമതിയായതായി ചീഫ് ഡോ. എന്‍. ജയരാജ് അറിയിച്ചു. 2023-24ലെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.
തുടക്കകാലം മുതല്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്നു സ്വന്തമായി ഒരു കെട്ടിടമെന്നത്. ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ നേരത്തേ ഉത്തരവായിരുന്നു. ഇതിനു പുറമേയാണ് കെട്ടിടം നിര്‍മിക്കാന്‍ 2.10 കോടി രൂപയുടെ ധനാനുമതി കൂടി ലഭിച്ചിരിക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെട്ടിട നിര്‍മാണത്തിന് 2.40 കോടി രൂപ ആവശ്യമായി വരും. ഇതിനായി പ്രത്യേക അനുമതി തേടും. ഇതു ലഭിച്ചാലുടന്‍തന്നെ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാനാകും.
രണ്ടു നിലകളിലായുള്ള കെട്ടിടമാണ് ഫയര്‍ഫോഴ്സ് യൂണിറ്റിനായി നിര്‍മിക്കാനുദ്ദേശിക്കുന്നത്. വാഹനങ്ങള്‍ക്കുള്ള ഗാരേജിന് പുറമേ ജീവനക്കാര്‍ക്കുള്ള താമസസൗകര്യം, വിശ്രമമുറി എന്നിവയടക്കം പുതിയ കെട്ടിടത്തിലുണ്ടാകും.
ജലലഭ്യതയുള്ളതും കെട്ടിടനിര്‍മാണത്തിന് അനുയോജ്യവുമായ സ്ഥലം കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്ത് ഫയര്സ്റ്റേഷന് നേരത്തേ സ്ഥലം അനുവദിച്ചത്. ഇവിടെ റോഡ് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കിവരുന്ന 18 സെന്റ് സ്ഥലമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റവന്യു വിഭാഗം വിട്ടുനല്‍കിയിരുന്നത്.
സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നടത്തിയ ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.