കോണത്താറ്റ് പാലം അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു, ചെളിയിൽ യാത്രക്കാരും
1583520
Wednesday, August 13, 2025 6:45 AM IST
കുമരകം: ലോകശ്രദ്ധ നേടിയ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തേക്കുള്ള യാത്രയുടെ ദുരിതം പറഞ്ഞറിയിക്കാനാവില്ല, അനുഭവിച്ചറിയുകതന്നെ വേണം. യാത്രാക്ലേശത്തിനു പരിഹാരമായി ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കോണത്താറ്റ് പാലത്തിന്റെ നിർമാണമിപ്പോൾ യാത്രക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും വീട്ടുകാർക്കുമെല്ലാം ശാപമായി മാറിയിരിക്കുകയാണ്.
പാലത്തിന്റെ പരിസരമാകെയും താത്കാലിക വഴിയുമെല്ലാം ചെളിക്കുഴിയായി മാറിയിരിക്കുകയാണ്. പ്രവേശന പാത ബലപ്പെടുത്തുന്നതിനായി മെറ്റിൽ പൈലിംഗ് നടത്താൻ തുടങ്ങിയിട്ടു മാസങ്ങളായി. പൈലിംഗ് നടത്താനായി കുഴിക്കുമ്പോൾ പുറന്തള്ളുന്ന ചെളിയും വെള്ളവും പരന്നൊഴുകിയാണ് പരിസരമാകെ മലിനമായിരിക്കുന്നത്. കുറെ ചെളി സമീപത്തുള്ള വ്യവസായിയുടെ പുരയിടത്തിലേക്ക് ഒഴുക്കി.
കുറെ കോൺട്രാക്ടർ വാഹനത്തിൽ നീക്കം ചെയ്തു. കഴിഞ്ഞദിവസം കുഴിച്ചപ്പോൾ കുടിവെള്ള വിതരണ പൈപ്പുപൊട്ടുക കൂടി ചെയ്തതോടെ പരിസരമാകെ കൂടുതൽ മലിനമായി. ചെങ്ങളം കുന്നുംപുറത്തെ ജല ശുദ്ധീകരണ പ്ലാന്റിൽനിന്നു കുമരകത്തെ രണ്ട് ഓവർ ഹെഡ് ടാങ്കുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുലൈനുകൾ പോകുന്നത് ഇതുവഴിയാണ്. ഈ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ യാത്രാക്ലേശത്തോടൊപ്പം കുടിവെള്ളവും കിട്ടാതെ ജനം വലയും.
ഇപ്പോൾ പാലത്തിന്റെ കിഴക്കുവശത്തെ പ്രവേശന പാതയ്ക്കുള്ള പൈലിംഗാണ് നടക്കുന്നത്. പടിഞ്ഞാറു ഭാഗത്തെ പൈലിംഗ് ഇന്നോ നാളെയോ തുടങ്ങുന്നതോടെ ഇരുവശങ്ങളിലുമുള്ള വ്യാപാരികൾ നേരിടേണ്ടിവരുന്നത് വൻദുരിതമാകും. അനന്തമായി നീളുന്ന പ്രവേശന പാത നിർമാണം പൂർത്തിയാക്കി അടുത്തമാസം പാലം തുറന്നുനൽകുമെന്ന മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.