ഏറ്റുമാനൂരിൽ ഹെലികോപ്ടർ താഴ്ന്നു പറന്നത് ഭീതി പരത്തി
1583519
Wednesday, August 13, 2025 6:45 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഹെലികോപ്ടർ താഴ്ന്നുപറന്നത് ഭീതി പരത്തി. ഇന്നലെ രാവിലെ 10ന് ഏറ്റുമാനൂർ, കൂടല്ലൂർ, വയലാ പ്രദേശങ്ങളിൽ ഹെലികോപ്ടർ വളരെ താഴ്ന്നു വട്ടമിട്ടു പറക്കുകയായിരുന്നു.
പറന്നുവന്ന ഹെലികോപ്ടറിൽനിന്ന് ഒരാൾ താഴേക്ക് പാതിവഴി തൂങ്ങിയിറങ്ങി തിരികെ കയറുന്നതും കാണാമായിരുന്നു. ഭീതിയിലായ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ നേവിയുടെ ഹെലികോപ്ടർ പരിശീലനപ്പറക്കൽ നടത്തിയതാണെന്ന് തിരിച്ചറിഞ്ഞു.
2022-ലും ഏറ്റുമാനൂരിൽ സമാനമായ സംഭവമുണ്ടായിരുന്നു. വള്ളിക്കാട് കുരിശുമല ഭാഗത്തായിരുന്നു അന്ന് നാവികസേനയുടെ ഹെലികോപ്ടർ താഴ്ന്നു പറന്നു ഭീതി പരത്തിയത്. അന്ന് കട്ടിപ്പറമ്പിൽ എം.ടി. കുഞ്ഞുമോന്റെ വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും വീടിനോടു ചേർന്നുള്ള വർക്ക്ഷോപ്പിന്റെ ടാർപോളിൻ മേൽക്കൂരയും പറന്നുപോയി നാശനഷ്ടമുണ്ടായിരുന്നു.