മാങ്ങാനത്തെ മോഷണം: പ്രതികള്‍ എത്തിയത് വില്ലകള്‍ ലക്ഷ്യമിട്ട്
1583518
Wednesday, August 13, 2025 6:45 AM IST
കോട്ടയം: മാങ്ങാനത്ത് വില്ല കുത്തിപ്പൊളിച്ചു 50 പവന് സ്വര്‍ണം മോഷ്ടിച്ച അഞ്ചംഗ കവര്‍ച്ചാസംഘം എത്തിയത് വില്ലകള്‍ ലക്ഷ്യമിട്ടുതന്നെയാണെന്ന് പോലീസ് വ്യക്തമായ വിവരം ലഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസിലെ 21-ാം നമ്പര്‍ വില്ലയില്‍നിന്നു സ്വര്‍ണം മോഷണം പോയത്.
കവര്‍ച്ചാ സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതിയാണിയാള്‍. ഇതോടെ ഈ സംഘത്തെ വൈകാതെ പിടികൂടാന്‍ സാധിച്ചേക്കും. 21-ാം നന്പർ വില്ലയ്ക്കു പുറമേ 16, 17, 18 വില്ലകളിൽ മോഷണശ്രമവും ഇതിനു സമീപത്തുള്ള വെല്‍നെസ് ക്ലിനിക്കില്‍ മോഷണവും നടന്നിരുന്നു.
18-ാം നമ്പര്‍ വില്ലയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മുറിക്കുള്ളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടു പരിശോധന നടത്തി. ഇവിടെനിന്നു പക്ഷേ മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. 16, 17 നമ്പര്‍ വില്ലകളില്‍ മോഷ്ടാക്കള്‍ കയറാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മോഷണശ്രമം നടത്തുന്നതിനിടെ 21-ാം നമ്പര്‍ വില്ലയിലെ സ്ത്രീകള്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോകുന്നതു കണ്ടാണ് സംഘം അവിടെ കയറിയതെന്നു പോലീസിനു വ്യക്തമായിട്ടുണ്ട്. മോഷണവും മോഷണശ്രമവും നടന്ന വീടുകളില്‍ എല്ലാം സ്ത്രീകള്‍ മാത്രമാണ് താമസക്കാരായിട്ടുള്ളത്.
മോഷ്ടാക്കളുടെ സംഘം ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തി വില്ലകളില്‍ സ്ത്രീകള്‍ മാത്രമാണുള്ളതെന്ന് മനസിലാക്കിയിരുന്നതായും പോലീസ് കരുതുന്നു. അതിനാലാണ് കവര്‍ച്ചാ സംഘം സ്കൈലൈന്‍ പാം മെഡോസിലെ വില്ലകള്‍ ലക്ഷ്യമാക്കി എത്തിയതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
വില്ലകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും അരക്കിലോമീറ്റര്‍ അകലെ തുരുത്തേല്‍ പാലത്തിനു സമീപമുള്ള വീട്ടിലും മോഷണശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ല. വെല്‍നസ് ക്ലിനിക്കില്‍നിന്നു പണവും രേഖകളും കവരുകയും ചെയ്തു. വെല്‍നസ് ക്ലിനിക്കല്നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷണ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചു പോലീസിനു യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. സംഘാംഗങ്ങള്‍ എവിടെ തമ്പടിച്ചു പുലര്‍ച്ചെ മാങ്ങാനത്തെത്തി, മോഷണശേഷം എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് ഉത്തരമില്ല. ഇക്കാര്യങ്ങളില്‍ വ്യക്തത ലഭിക്കുന്നതിനു കഞ്ഞിക്കുഴി-പുതുപ്പള്ളി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ റോഡിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയായിലൂടെ എത്തിയ സംഘം വില്ലകളുടെ മതിലിന്റെ ഉയരം കുറഞ്ഞ സ്ഥലത്തു കൂടിയാണ് കോമ്പൗണ്ടില്‍ പ്രവേശിച്ചതെന്നാണ് പോലീസ് പറയുന്നത്.
മോഷണസംഘത്തെ പിടികൂടാനായി പോലീസ് മോഷണം നടന്ന വീട്, വെല്‍നസ് ക്ലിനിക്ക് എന്നിവിടങ്ങളിൽനിന്നു ലഭിച്ച വിരലയാളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ല. പോലീസിനു ലഭിച്ച വിരലടയാളങ്ങള്‍ പോലീസിന്റെ പക്കലുള്ള പട്ടികയിലുള്ളവരുടെയല്ല.
മോഷ്ടാക്കള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ടവറുകളിലൂടെ പോയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും മോഷ്ടാക്കളിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. അതിനാല്‍, പ്രദേശത്തെ മുന്‍ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.