കുറ്റാന്വേഷണ, ക്രമസമാധാന രംഗങ്ങളില്‍ കേരള പോലീസ് മുന്നിലെന്ന് മുഖ്യമന്ത്രി
1583517
Wednesday, August 13, 2025 6:45 AM IST
ചങ്ങനാശേരി: കുറ്റാന്വേഷണ, ക്രമസമാധാന രംഗങ്ങളില്‍ കേരള പോലീസ് ഇന്ത്യക്കു മാതൃകയാണെന്നും പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പതു വര്‍ഷത്തിനിടെ കേരളത്തിലെ പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടായി.
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പുതുതലമുറ തട്ടിപ്പുകള്‍ തടയാനുള്ള കഴിവ് കേരള പോലീസ് ആര്‍ജിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി അരിക്കത്തില്‍ കണ്വന്ഷന് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി ഓണ്‍ലൈനായി സന്ദേശം നല്കി.
എറണാകുളം റേഞ്ച് ഡിഐജി എസ്. സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, ജില്ലാ അഡീണല്‍ എസ്പി എ.കെ. വിശ്വനാഥന്, നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, നഗരസഭാംഗം ബെന്നി ജോസഫ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്. ദീപ, ഡിവൈഎസ്പി കെ.പി. ടോംസണ്, സംഘടനാ പ്രതിനിധികളായ കെ.സി. സലിംകുമാര്‍, അനൂപ് അപ്പുക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിനു സമീപം 3.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ സ്റ്റേഷന് നിര്‍മിക്കുന്നത്. 1113 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഇരുനിലക്കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് വാസവന്
ചങ്ങനാശേരി: ജോബ് മൈക്കിള്‍ എംഎല്‍എ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുമുമ്പ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്. പോലീസ് സ്റ്റേഷന് ശിലാസ്ഥാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തവേ സദസിലുണ്ടായിരുന്ന കെട്ടിട കരാറുകാരനായ കുര്യന് ടി. മത്തച്ചനെ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. 18 മാസമാണ് കരാര്‍ കാലാവധിയെങ്കിലും നേരത്തെ തീര്‍ക്കണമെന്ന് മന്ത്രി കരാറുകാരനോടു പറഞ്ഞു.
പുതിയ ചങ്ങനാശേരി എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. ആധുനിക മുനിസിപ്പല്‍ സ്റ്റേഡിയം, ജനറല്‍ ആശുപത്രി ക്കെട്ടിടം, നവീന സൗകര്യങ്ങളോടെ കെഎസ്ആര്‍ടിസി കെട്ടിടം, എക്സൈസ് ഓഫീസ് മന്ദിരം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ ഫ്ളൈഓവര്‍ പദ്ധതിക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.