ഉമ്മന്‍ ചാണ്ടി അനുകമ്പയുടെയും കരുതലിന്റെയും ഉദാത്ത മാതൃക: ഗവര്‍ണര്‍
1583516
Wednesday, August 13, 2025 6:45 AM IST
മാങ്ങാനം: ഉമ്മന്‍ ചാണ്ടി അനുകമ്പയുടെയും കരുതലിന്റെയും ഉദാത്തമായ മാതൃകയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും എന്നും തുണയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കുന്ന ഉചിതമായ സ്മാരകമാണ് ഡയാലിസിസ് സെന്ററെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, മന്ദിരം ചെയര്മാന് ജോര്‍ജ് വര്‍ഗീസ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. സോമന്‍കുട്ടി, ഡോ. യൂഹാന്നോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്ത, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നൈനാന് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. മന്ദിരം ഡെപ്യൂട്ടി ചെയര്മാന് ഡോ. മര്‍ക്കോസ് അറയ്ക്കല്‍ ഗവര്‍ണക്ക് ഉപഹാരം സമര്‍പ്പിച്ചു.
സെന്ററിനു ധനസഹായം നല്കിയ മാളിയേക്കല്‍ ട്രസ്റ്റിനുള്ള ഉപഹാരം എം.സി. ഫിലിപ്പിന് ഗവര്‍ണര്‍ നല്കി. 20 ഡയാലിസിസ് കിടക്കകളും നെഫ്രോളജി വിഭാഗം ഐസിയുവും പകര്‍ച്ചവ്യാധികളുള്ള രോഗികള്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വിഭാഗവും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച സെന്ററില്‍ ക്രമീകരിച്ചിരിക്കുന്നു.
കോട്ടയം മാളിയേക്കല്‍ കുടുംബമാണ് സെന്ററിന്റെ നിര്‍മാണച്ചെലവ് വഹിച്ചത്. എട്ടു ലക്ഷം രൂപ വീതം ചെലവുവരുന്ന ഡയാലിസിസ് മെഷീനുകള്‍ ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളി, കൊച്ചുകളീക്കല്‍ കുടുംബം എന്നിവര്‍ നല്കി.