വേമ്പനാട് ലേക്ക് അഥോറിറ്റി രൂപീകരിക്കണം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1583515
Wednesday, August 13, 2025 6:45 AM IST
കോട്ടയം: കുട്ടനാടിനെയും വേമ്പനാട്ട് കായലിനെയും സംരക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി വേമ്പനാട് ലേക്ക് അഥോറിറ്റി രൂപീകരിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു. ലോക്സഭയില്‍ റൂള്‍ 377 പ്രകാരമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതീവ ജൈവ പ്രാധാന്യമുള്ളതും റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട്ട് കായല്‍ പ്രദേശവും കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടന്‍ പാടശേഖരങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. 48,000ത്തോളം ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്നതും പ്രതിവര്‍ഷം 1. 96 ലക്ഷം ടണ്‍ നെല്ല് ഉത്പാദിപ്പിക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ സമുദ്രനിരപ്പില്‍നിന്നു താഴ്ന്ന് കിടക്കുന്നതും പ്രത്യേക ആവാസ വ്യവസ്ഥയുള്ളതുമായ പ്രദേശമാണ്. അതിതീവ്രമഴയും വെള്ളപ്പൊക്കവും മൂലം ഈ പാടശേഖരങ്ങളുടെ പുറം ബണ്ടുകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
2018 പ്രളയം ഉള്‍പ്പെടെയുള്ള നിരന്തര വെള്ളപ്പൊക്കങ്ങള്‍ മൂലം വേമ്പനാട്ട് കായലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും വേമ്പനാട്ട് കായലിനെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിരന്തരം വെള്ളപ്പൊക്കമുണ്ടാകുകയാണ്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട്ട് കായലിനെയും കുട്ടനാടിനെയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയും ഫണ്ടും ആവശ്യമാണ്. വേമ്പനാട് കായല്‍ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും തകര്‍ച്ചയിലായ നെല്‍വയലുകളുടെ സംരക്ഷണ ബണ്ടുകളുടെ നിർമാണത്തിനും പ്രത്യേക പദ്ധതി ഉണ്ടാകണം.
കര്‍ഷകരുടെ ഉപജീവനം സംരക്ഷിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരള സർക്കാർ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള വേമ്പനാടിന്റെ ചതുപ്പ് മേഖലയുടെ പുനരുദ്ധാരണം, കുട്ടനാടന്‍ മേഖലയുടെ വെള്ളപ്പൊക്ക, ലവണാംശ നിയന്ത്രണം എന്നിവയ്ക്കുള്ള പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക, സങ്കേതിക സഹായം നല്കി, ലോക ഭൂപടത്തില്‍ വളരെ പ്രധാന്യമുള്ള ഈ പൈതൃക കാര്‍ഷിക പരിസ്ഥിതി മേഖലയെ പ്രത്യേക അഥോറിറ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.