കടുത്തുരുത്തി-പിറവം റോഡില്‍ അപകടത്തിനിടയാക്കുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കും
1583509
Wednesday, August 13, 2025 6:45 AM IST
കടുത്തുരുത്തി: റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കടുത്തുരുത്തി-പിറവം റോഡില്‍ കൈലാസപുരത്തിനും അറുനൂറ്റിമംഗലത്തിനും ഇടയില്‍ അപകടത്തിനിടയാക്കുന്ന വിധത്തില്‍ റോഡിലേക്ക് കയറിനില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
പിറവം-കടുത്തുരുത്തി റോഡ് ടാറിംഗ് ആരംഭിക്കുന്നതിന് മുമ്പായി വൈദ്യുത പോസ്റ്റുകള്‍ മാറ്റാനുള്ള നടപടികളെ സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പിന്റെയും കെഎസ്ഇബിയുടെയും എൻജിനിയര്‍മാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും എംഎല്‍എ ചര്‍ച്ച നടത്തി.
ടാറിംഗിനുശേഷം പോസ്റ്റ് മാറ്റിയിടണമെങ്കില്‍ ടാര്‍ ചെയ്ത ഭാഗം വെട്ടിപ്പൊളിക്കണം. ഇത്തരം ദുരവസ്ഥ ഒഴിവാക്കാന്‍ ഉടൻതന്നെ പോസ്റ്റുകള്‍ മാറ്റിയിടണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് എംഎല്‍എ നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ ജോയിന്റ് ഇന്സ്പെക്ഷന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മാറ്റിയിടാനുള്ള പോസ്റ്റുകള്‍ ഏതൊക്കെയെന്ന് ആദ്യം നിര്‍ണയിക്കും. തുടര്‍ന്ന് ഇതിനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പ് അടയ്ക്കാനും ധാരണയായിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പ് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ നടത്തും.