കടുത്തുരുത്തി ബ്ലോക്കില്‍ വനിതാസംരംഭകര്‍ക്കുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായി
1583507
Wednesday, August 13, 2025 6:45 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ വനിതാ സംരംഭകര്‍ക്കുള്ള പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. മുളക്കുളം പഞ്ചായത്തിലെ വിഇഒ ഓഫീസിന്റെ വളപ്പിലാണ് വനിതാ സംരംഭകര്‍ക്കുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
പെരുവ-പിറവം റോഡില്‍ അമ്പലപ്പടി കവലയ്ക്ക് തെക്കുഭാഗത്ത് 100 മീറ്റര്‍ മാറി പടിഞ്ഞാറുവശം ചേര്‍ന്നാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തിലെ പദ്ധതി വിഹിതം 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടത്തിന് രണ്ടു മുറികളും ഒരു സ്റ്റെയര്‍ റൂമുമാണുള്ളത്. മുറികള്‍ക്ക് 33.6 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും സ്റ്റെയര്‍ റൂമിന് 13.2 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുണ്ട്. പദ്ധതിയിലൂടെ പ്രദേശത്തെ വനിതാസംരംഭകര്‍ക്ക് ഉത്പാദനത്തിനും വിപണനത്തിനുമുള്ള അടിസ്ഥാനസൗകര്യം ഒരുക്കി നല്‍കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
കുടുംബശ്രീ, വ്യവസായ വകുപ്പ്, തദ്ദേശ ഭരണ സംവിധാനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ആരംഭിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടം അനുവദിച്ചു നല്‍കും.