ചേതന്‍ കുമാര്‍ മീണ ജില്ലാ കളക്ടറായി ഇന്ന് ചുമതലയേല്‍ക്കും
1583397
Tuesday, August 12, 2025 11:54 PM IST
കോട്ടയം: ജില്ലയുടെ 50-ാമത് കളക്ടറായി ചേതന്‍ കുമാര്‍ മീണ ഇന്നു ചുമതലയേല്‍ക്കും. രാവിലെ 10ന് കളക്ടറേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ചുമതല കൈമാറും. ന്യൂഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ചേതന്‍ കുമാര്‍ മീണ.
2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതന്‍ കുമാര്‍ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛന് പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യാദേവി. ജയ്പൂരിലെ മഹാരാജാ കോളജില്‍ നിന്ന് ബിഎസ്സി മാത്സ് പഠനശേഷം ഇന്‍കം ടാക്സ് ഓഫീസറായി ഡല്‍ഹിയില്‍ ജോലിനോക്കുന്ന സമയത്താണ് ഐഎഎസ് പരിശീലനത്തിനു ചേര്‍ന്ന് ആദ്യശ്രമത്തില്‍തന്നെ വിജയിക്കുന്നത്.
പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ആയിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കളക്ടര്‍, എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലഗതാഗത വകുപ്പ് ഡയറക്ടറായാണ് നിലവിലെ കളക്ടര്‍ ജോണ്‍ വി. സാമുവലിന് മാറ്റം. 2015 ഐഎഎസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍.
പിന്നാക്ക വികസന വകുപ്പ് ഡയറക്ടര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.