ഓണം വിപണനമേള തിരുനക്കര മൈതാനത്ത് 26 മുതൽ
1583393
Tuesday, August 12, 2025 11:54 PM IST
കോട്ടയം: ജില്ലയില്‍ സപ്ലൈകോയുടെ ഓണം വിപണനമേള 26നു തുടങ്ങും. ജില്ലാതല മേള തിരുനക്കര മൈതാനത്തും ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളിലെ ഫെയറുകള്‍ അതാത് സ്ഥലത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പൂഞ്ഞാര്‍ മണ്ഡലത്തിലേത് ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേത് പൊന്‍കുന്നം പീപ്പിള്‍സ് ബസാറിലുമായിരിക്കും.
നിയമസഭാമണ്ഡലം ഫെയറുകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണു പ്രവര്‍ത്തിക്കുക. രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയാണ് വിപണനം. തിരുനക്കരയില്‍ മാത്രമായിരിക്കും പച്ചക്കറി വില്‍പനയ്ക്കുണ്ടാകുക.
ഓണത്തിന് സപ്ലൈകോ കേന്ദ്രങ്ങളില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപയ്ക്ക് ലഭിക്കും. നിലവില്‍ സബ്സിഡി നിരക്കില്‍ എട്ട് കിലോ അരിക്കു പുറമേയാണിത്. മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും 14 ഇനം സാധനങ്ങളങ്ങിയ സൗജന്യ ഓണക്കിറ്റ് 18 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വിതരണം ചെയ്യും.
റേഷന്‍കടകള്‍ വഴി മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരു കിലോ പഞ്ചസാരയും പിങ്ക് കാര്‍ഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ അഞ്ചു കിലോ അരിയും 10.90 രൂപയ്ക്ക് നീല കാര്‍ഡിന് നിലവിലുള്ളതിന് പുറമെ 10 കിലോ അരി (10.90 രൂപ)യും വെള്ള കാര്‍ഡിന് 15 കിലോ അരി (10.90 രൂപ)യും ലഭിക്കും. കൂടാതെ ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും അല്ലാതെയും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ. (അരലിറ്ററിന് 179 രൂപ), നോണ്‍ സബ്സിഡിക്ക് 429 രൂപ. അരലിറ്ററിന് 219 രൂപ).
വന്‍പയര്‍ വില കിലോയ്ക്ക് 75ല്‍ നിന്ന് 70 രൂപയാക്കി. തുവരപ്പരിപ്പ് 105ല്‍നിന്ന് 93 രൂപയാക്കി. സബ്സിഡി മുളകിന്റെ അളവ് അര കിലോയില്‍നിന്ന് ഒരു കിലോയാക്കി (കിലോയ്ക്ക് 115 രൂപ).