അഭിമാന നിമിഷത്തില്‍ ഒരു നാട്
1583388
Tuesday, August 12, 2025 11:53 PM IST
കുറവിലങ്ങാട്: ഉന്നത വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങള്‍ക്ക് ദിശാബോധം സമ്മാനിച്ച കുറവിലങ്ങാട് ദേവമാതാ കോളജിനും നാടിനും ഇത് അഭിമാന നിമിഷം. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉന്നതനിലകളിലടക്കം ശോഭിക്കുന്ന പൂര്വവിദ്യാര്ഥികളാല് സമ്പന്നമായ ഈ കലാലയം പട്ടണത്തിന്റെ സാധ്യതകളും ഗ്രാമീണതയുടെ വിശുദ്ധിയും സ്വന്തമാക്കിയാണ് കര്‍മനിരതയാകുന്നത്.
രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആര്. നാരായണന്, സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. പി.ജെ. തോമസ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ കുറവിലങ്ങാട് ഇടവകയുടെ സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടിയതെന്നത് ഇടവകയുടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനയുടെ തെളിവാണ്.
ഉന്നത വിദ്യാഭ്യാസസ്ഥാപനമെന്ന നിലയില്‍ നാക് ഗ്രേഡിംഗില്‍ നാലാം ഗ്രേഡിംഗില്‍ 3.67 സിജിപിയോടെ എ പ്ലസ് പ്ലസ് ദേവമാതാ കോളജ് നേടിയിരുന്നു. എംജി സര്‍വകലാശാലയിലെ ഒന്നാം റാങ്കുകളടക്കം ഓരോ വര്‍ഷവും ദേവമാതായിലെ മിടുക്കര്‍ സ്വന്തമാക്കുന്നുവെന്നത് കോളജിലെ ശിക്ഷണത്തിന്റെയും പഠനാന്തരീക്ഷത്തിന്റെയും തെളിവാണ്.
പാഠ്യമേഖലയിലെ മുന്നേറ്റത്തിനൊപ്പം പാഠ്യേതര മേഖലയില്‍ ദേശീയതലത്തിലടക്കം കോളജ് നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. കലാ-കായിക രംഗത്തും ദേവമാതായുടെ മുദ്ര അന്തര്‍ സര്‍വകലാശാലകളിലടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. മതിയായ ഗതാഗത സൗകര്യവും ഗ്രാമീണ അന്തരീക്ഷവും മികച്ച പഠനനിലവാരവും ദേവമാതായുടെ പ്രത്യേകതയാണ്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്.
ആഡ്ഓണ്‍ കോഴ്സുകള്‍, വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍, വാക്ക് വിത്ത് സ്കോളര്‍ പ്രോഗ്രാം, മോറല്‍ ക്ലാസുകള്‍, വിവിധ തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍, സംസ്ഥാനത്തുതന്നെ ഒന്നാംസ്ഥാനം നേടിയ എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകള്‍, ആത്മീയ മുന്നേറ്റത്തിനുതകുന്ന ജീസസ് യൂത്ത്, പ്രാര്‍ഥനാ ഗ്രൂപ്പുകള്‍ തുടങ്ങിയവ കോളജിനെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.
കലാമികവിന് അവസരമൊരുക്കുന്ന നൂണ് ഇന്റര്‍വെല്‍ പ്രോഗ്രാമുകള്‍, നാടകാവതരണങ്ങള്‍ എന്നിവ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്നു.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മികച്ച ലാബുകള്‍, കംപ്യൂട്ടറൈസ്ഡ് ലൈബ്രറി എന്നിവയും വിജ്ഞാനവിതരണത്തില്‍ നേട്ടമാകുന്നു. കാന്റീന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കരിയര്‍ ആൻഡ് പ്ലേസ്മെന്റ് സെല്ലിലൂടെ വിവിധ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജോലി ലഭിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നു.