വെച്ചൂച്ചിറയിൽ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ
1583382
Tuesday, August 12, 2025 11:53 PM IST
മുക്കൂട്ടുതറ: വെച്ചൂച്ചിറയിൽ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി അറിയിച്ചു. പേവിഷബാധയ്ക്കെതിരേ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടത്തുന്നതിന് ഓൺലൈനിൽ കൂടിയ അടിയന്തര ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. തെരുവുനായ്ക്കളെ പിടികൂടുന്നതിന് പരിശീലനം ലഭിച്ചവരെ (ഡോഗ് കാച്ചർ) കണ്ടെത്തുന്നതിന് വെറ്ററിനറി സർജനെ കമ്മിറ്റി ചുമതലപ്പെടുത്തി.
ഇന്നുമുതൽ തെരുവുനായ ശല്യം കൂടുതലുള്ള കുന്നം, വെച്ചൂച്ചിറ, നവോദയ എന്നിവിടങ്ങളിലും പൊതുഇടങ്ങളായ സ്കൂളുകൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ്, കൂടാതെ തെരുവുനായ്ക്കളുടെ ശല്യം ഉണ്ടെന്ന് പ്രദേശവാസികൾ അറിയിക്കുന്ന സ്ഥലങ്ങളിലും വാക്സിനേഷൻ നൽകുന്നതിനു തീരുമാനിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.കെ. ജയിംസ്, നിഷ അലക്സ്, രമാദേവി തുടങ്ങിയവർ പങ്കെടുത്തു.