എരുമേലി കെഎസ്ആർടിസി: അപ്പീലിന് നിയമോപദേശം തേടും
1583381
Tuesday, August 12, 2025 11:53 PM IST
എരുമേലി: കെഎസ്ആർടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്റർ ഉൾപ്പെടുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ ആണെന്നും മൂന്നു മാസത്തിനകം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നതിന് അപ്പീൽ ഹർജി നൽകുന്നത് സംബന്ധിച്ചു കെഎസ്ആർടിസിയിൽ നടപടികൾ തുടങ്ങി. വകുപ്പ് മന്ത്രി, കോർപറേഷൻ എംഡി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി നൽകാൻ നടപടികളായെന്ന് കെഎസ്ആർടിസി എരുമേലി സെന്റർ അധികൃതർ പറഞ്ഞു.
പൊൻകുന്നം എടിഒ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മുഖേനെയാണ് റിപ്പോർട്ട് ഉന്നതതലത്തിൽ നൽകുക. ഇതേത്തുടർന്ന് കോർപറേഷൻ തലത്തിൽ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. അഡ്വക്കേറ്റ് ജനറൽ വഴി നിയമോപദേശം തേടിയ ശേഷമാകും അപ്പീൽ ഹർജി നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാവുക.
അപ്പീൽ ഹർജി നൽകുന്നതിന് കോടതിയിൽ രണ്ടുലക്ഷത്തിൽപരം രൂപ അടയ്ക്കേണ്ടതായി വരുമെന്ന് സൂചനയുണ്ട്. ഈ തുക നൽകുന്നതിന് വകുപ്പുതല അനുമതിയും തീരുമാനവും വേണ്ടിവരും. അതേസമയം കേസിൽ കക്ഷി ചേരാനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. പാലാ സബ് കോടതിയിൽ നടന്ന വ്യവഹാരത്തിൽ ദേവസ്വം ബോർഡ് കക്ഷിയായിരുന്നില്ല എന്നതിനാൽ പാലാ കോടതിയുടെ വിധിക്കെതിരേ ദേവസ്വം ബോർഡ് അപ്പീൽ ഹർജി നൽകിയാൽ മേൽക്കോടതിയിൽ സ്വീകാര്യമാകില്ല എന്ന പ്രാഥമിക വിലയിരുത്തലാണ് ദേവസ്വം ബോർഡിൽ ഉണ്ടായിരിക്കുന്നത്.
എരുമേലി കെഎസ്ആർടിസി സെന്റർ ഉൾപ്പെടുന്ന സ്ഥലം തങ്ങളുടേതാണെന്ന് കാട്ടി പരേതനായ പൊൻകുന്നം ചിറക്കടവ് സ്വദേശി അഡ്വ. പി.ആർ. രാജഗോപാലിന്റെ കുടുംബം നൽകിയ ഹർജിയിലാണ് സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ കഴിഞ്ഞയിടെ വിധി ഉണ്ടായത്.