ജില്ലാ പഞ്ചായത്ത്: എരുമേലി ഡിവിഷൻ നിലനിർത്തി ഉത്തരവായി
1583380
Tuesday, August 12, 2025 11:53 PM IST
എരുമേലി: കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നിർണയിച്ചതിൽ കരട് ലിസ്റ്റിൽ ഒഴിവാക്കിയിരുന്ന എരുമേലി ഡിവിഷൻ നിലനിർത്തി പുതിയ ഉത്തരവിറങ്ങി. കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്ക് എരുമേലി ഡിവിഷനിലെ വിവിധ വാർഡുകൾ കരട് ലിസ്റ്റിൽ കൂട്ടിച്ചേർത്തത് പുതിയ ഉത്തരവിൽ എരുമേലി ഡിവിഷനിലാക്കി നിലനിർത്തിയിട്ടുണ്ട്.
നിർദിഷ്ട വിമാനത്താവള പ്രദേശമുൾപ്പടെയുള്ള ചെറുവള്ളി എസ്റ്റേറ്റ്, ചേനപ്പാടി, കിഴക്കേക്കര, പഴയിടം, ഒഴക്കനാട് ഉൾപ്പെടെ വാർഡുകളും എരുമേലി ടൗൺ പരിസരത്തെ വാർഡുകളും കരട് ലിസ്റ്റിൽ ഒഴിവാക്കിയ നിലയിലായിരുന്നു. ഇപ്പോൾ പുതിയ ഉത്തരവിൽ എരുമേലി ഡിവിഷനിലാക്കി ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന വാഴൂർ ബ്ലോക്കിലെ മണിമല ബ്ലോക്ക് ഡിവിഷനെ പുതിയ ലിസ്റ്റിൽ എരുമേലി ജില്ലാ ഡിവിഷനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ. രാജേഷ്, സിപിഐ മുൻ ലോക്കൽ സെക്രട്ടറിയും ചെറുവള്ളി എസ്റ്റേറ്റ് വാർഡ് അംഗവുമായ അനിശ്രീ സാബു എന്നിവരാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഡീലിമിറ്റേഷൻ കമ്മീഷനിൽ പരാതി നൽകി ഹിയറിംഗിൽ ആക്ഷേപം അറിയിച്ചിരുന്നത്.