കുത്തിറക്കത്തിൽ ബ്രേക്ക് പോയ ബസ് നിയന്ത്രണംവിട്ടു; ആർക്കും പരിക്കില്ല
1581557
Tuesday, August 5, 2025 10:35 PM IST
എരുമേലി: ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. യാത്രക്കാർ പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30ഓടെ എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയിലെ കണ്ണിമല മഠംപടി വളവിലായിരുന്നു അപകടം.
ഇരുപതോളം യാത്രക്കാരുമായി മുണ്ടക്കയത്തുനിന്നു പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടങ്ങൾ ഏറെ സംഭവിക്കുന്ന കണ്ണിമല മഠംപടിയിലെ കുത്തിറക്കത്തിൽ ബ്രേക്ക് പ്രവർത്തിക്കാതെ വന്നതോടെ നിയന്ത്രണംവിട്ട ബസ് ഇറക്കം അവസാനിക്കുന്ന കൊടുംവളവിൽ വെച്ച് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു.
തൊട്ടുതാഴെയുള്ള താഴ്ചയിലേക്ക് ബസ് മറിയാതിരിക്കാൻ ഉടനെതന്നെ ബസ് വെട്ടിച്ചുമാറ്റി റോഡിന്റെ എതിർവശത്തുള്ള റബർത്തോട്ടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. തോട്ടത്തിലെ കയ്യാല ഇടിച്ചു തകർത്താണ് ബസ് നിന്നത്.
കണ്ണിമലയിലെ ഈ കൊടുംവളവിൽ മുമ്പുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. ഒട്ടുമിക്ക ശബരിമല സീസണുകളിലും തീർഥാടന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാറുണ്ട്.
റോഡിന്റെ വളവ് നവീകരിച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും അപകടങ്ങൾ വീണ്ടും തുടരുകയാണ്.