ബസ് സർവീസ് നിർത്തിവച്ച് ജീവനക്കാരുടെ പ്രതിഷേധം
1580112
Thursday, July 31, 2025 5:50 AM IST
മുണ്ടക്കയം: മുണ്ടക്കയം -പുഞ്ചവയൽ- 504 റൂട്ടിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ബസ് ജീവനക്കാരെ മർദിക്കാൻ ശ്രമിച്ചെന്നാരോപിച്ചും ഓട്ടോറിക്ഷകളുടെ പാരലൽ സർവീസ് നിർത്തണമെന്ന് ആവശ്യപ്പെട്ടും സർവീസ് നിർത്തിവച്ച് ബസ് ജീവനക്കാരുടെ പ്രതിഷേധം.
കഴിഞ്ഞ ഏതാനും മാസങ്ങളായി പുഞ്ചവയൽ, പുലിക്കുന്ന് മേഖലയിലേക്ക് ഓട്ടോറിക്ഷകൾ അനധികൃതമായി ഷട്ടിൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി തർക്കം നിലനിന്നിരുന്നു. ബസുകളുടെ സർവീസിന് മുമ്പ് ഓട്ടോറിക്ഷകൾ ട്രിപ്പടിക്കുന്നത് ബസ് സർവീസിനെ ബാധിക്കുന്നതായി ജീവനക്കാർ ആരോപിച്ചു.
ഇത് സംബന്ധിച്ച് ആർടിഒ അടക്കമുള്ളവർക്ക് ഇവർ പരാതി നൽകുകയും അധികാരികൾ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അനധികൃതമായി ഓട്ടോറിക്ഷകൾ പാരലൽ സർവീസ് നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കരിനിലം ഭാഗത്ത് ഇതു പരിശോധിക്കാനെത്തിയ ബസ് ഉടമകളെയും ജീവനക്കാരെയും ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികൾ കൈയേറ്റം ചെയ്യുവാൻ ശ്രമിച്ചതായി ബസ് ജീവനക്കാർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പുഞ്ചവയൽ മേഖലയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ബസ് ജീവനക്കാർ പ്രതിഷേധിച്ചു.
പുഞ്ചവയൽ, പുലിക്കുന്ന് മേഖലയിലേക്കുള്ള ഓട്ടോറിക്ഷകളുടെ അനധികൃത പാരലൽ സർവീസ് അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ മുണ്ടക്കയത്തിന്റെ സമീപ മേഖലകളിലേക്കുള്ള മുഴുവൻ ബസ് സർവീസുകളും നിർത്തിവച്ച് പ്രതിഷേധിക്കുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. വൈകുന്നേരം നാലോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.
ബസ് സർവീസ് മുടങ്ങുന്നത് പരിഹരിക്കണമെന്ന്
പുഞ്ചവയൽ: സമാന്തര സർവീസ് മൂലം ബസ് സർവീസുകൾ മുടങ്ങുന്നത് പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുഞ്ചവയൽ യൂണിറ്റ് ആവശ്യപ്പെട്ടു. സമാന്തര സർവീസുകൾ മൂലം ചെറുകിട വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും യോഗം വിലയിരുത്തി. ആയിരക്കണക്കിന് യാത്രക്കാരെയും സ്കൂൾ വിദ്യാർഥികളെയും ബാധിക്കുന്ന പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്നും യോഗം അവശ്യപ്പെട്ടു.
പി.ഡി. ജോൺ പൗവത്ത് അധ്യക്ഷത വഹിച്ചു. അനിൽ കെ. കുമാർ, സി.എൻ. മോഹനൻ, അബ്ദുൾ റസാഖ്, വി.ബി. ഷാജികുമാർ, സാബു തോമസ്, ലൂയിസ് തോമസ്, ജേക്കബ് വർഗീസ്, എം.സി. ബിനു എന്നിവർ പ്രസംഗിച്ചു.