വൈക്കത്ത് ജലാശയങ്ങളിൽ അപകടമുണ്ടായാൽ രക്ഷാദൗത്യം ശ്രമകരമെന്ന്
1580013
Wednesday, July 30, 2025 7:15 AM IST
വൈക്കം: വേമ്പനാട്ടുകായലിൽ അതിശക്തമായ കാറ്റും വളരെ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരയും രൂപപ്പെടുന്നത് പതിവാകുന്നത് കായലിലും പുഴയും കായലും സംഗമിക്കുന്നിടങ്ങളിലും അപകടങ്ങൾ പതിവാക്കുന്നു. കഴിഞ്ഞ ദിവസം 23 പേർ സഞ്ചരിച്ച രണ്ട് പതിവുള്ളവള്ളം ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ട് വെള്ളം കയറി മുങ്ങി ഒരാളെ കാണാതായിരുന്നു. നാട്ടുകാരുടെയും കക്കാവാരൽ തൊഴിലാളികളുടെയും സമയോചിതമായ ഇടപെടൽമൂലമാണ് സ്ത്രീകളടക്കം 22 പേരെ രക്ഷിക്കാനായത്.
മത്സ്യബന്ധനത്തിനും കക്കാവാരലിലും സമീപ സ്ഥലങ്ങളിലേക്ക് എളുപ്പമെത്തുന്നതിനും നിരവധിപേർ കായലിലും പുഴകളിലും വള്ളങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. പൊടുന്നനെ രൂപപ്പെടുന്ന ശക്തമായ കാറ്റും തിരയും കനത്ത മഴയും പലപ്പോഴും വള്ളത്തിൽ വരുന്നവരെയും വഞ്ചിവീടുകളിലും യാത്രാബോട്ടുകളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാണ്.
കഴിഞ്ഞ ദിവസം വള്ളം മുങ്ങിയതിനു സമീപം ഒരു മാസം മുമ്പ് കാറ്റിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചിരുന്നു. കായലിലും പുഴയിലും പ്രകൃതിക്ഷോഭമുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനത്തിനു സംവിധാനമില്ലാത്തത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വള്ളം മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് ചേർത്തല പാണാവള്ളിയിൽനിന്നാണ് റെസ്ക്യു ബോട്ടെത്തിയത്.
പോലീസിന്റെയും ഫയർഫോഴ്സിന്റെയും റെസ്ക്യുബോട്ടുകൾ കട്ടപ്പുറത്ത്
ജലാശയങ്ങളിൽ അപകടമുണ്ടായാൽ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്താൻ പോലീസിനും ഫയർഫോഴ്സിനും ലഭിച്ച ബോട്ടുകൾ തകരാറിലായിട്ടും നന്നാക്കിയില്ല. പോലീസിന്റെ റെസ്ക്യുബോട്ട് തകരാറിലായിട്ട് ഒരു വർഷം പിന്നിട്ടു. ഫയർഫോഴ്സിന്റെ റെസ്ക്യുബോട്ട് ആറുമാസമായി ബോട്ടുജെട്ടി വളപ്പിൽ വിശ്രമത്തിലാണ്.
വൈക്കം - തവണക്കടവ് ഫെറിയിൽ പഴയ തടിബോട്ട്
കാറ്റും മഴയും ശക്തമായി തുടരുന്നത് കണക്കിലെടുത്ത് വൈക്കം - തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന കാലപ്പഴക്കമേറിയ ജലഗതാഗതവകുപ്പിന്റെ A90 നമ്പർ ബോട്ട് നീക്കണമെന്ന ആവശ്യം നാളുകളായുണ്ട്. മഴയിൽ ചോരുന്ന ബോട്ട് ചില നേരങ്ങളിൽ തിരിക്കാൻതന്നെ പ്രയാസമാണെന്ന് ആരോപണമുണ്ട്.
ചെളിയും മണൽക്കൂനയും മൂലം ആഴംകുറഞ്ഞ കായലിൽ ശക്തമായ കാറ്റുവീശിയാൽ ബോട്ട് നിയന്ത്രണം വിട്ടാൽ വൻദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.