വിദ്വാൻ പി ദേശീയ സാംസ്കാരികകേന്ദ്രത്തെ ഒറ്റനിലയിൽ ഒതുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം
1572886
Friday, July 4, 2025 6:58 AM IST
കാഞ്ഞങ്ങാട്: ആദ്യകാല നാടകപ്രവർത്തകനും നവോത്ഥാന നായകനുമായിരുന്ന വിദ്വാൻ പി കേളുനായരുടെ സ്മാരകമായി സാംസ്കാരികവകുപ്പിനു കീഴിൽ വെള്ളിക്കോത്ത് നിർമിക്കുന്ന വിദ്വാൻ പി ദേശീയ സാംസ്കാരികകേന്ദ്രത്തെ ഒറ്റനിലയിൽ ഒതുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം വ്യാപകമാകുന്നു.
നാടകപരിശീലനകേന്ദ്രവും അതിഥിമുറികളുമടക്കം രണ്ടു നിലകളുള്ള കെട്ടിടത്തിനാണ് നേരത്തേ രൂപരേഖ തയ്യാറാക്കിയിരുന്നത്. എന്നാൽ നിലവിൽ ഇതിനായി അനുവദിച്ച അഞ്ച് കോടി രൂപയുടെ ഫണ്ടിൽനിന്ന് നികുതിയും മറ്റു ചെലവുകളും കഴിച്ചാൽ പിന്നെ ഇരുനിലക്കെട്ടിടത്തിന്റെ നിർമാണത്തിന് മതിയാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.
അതുകൊണ്ട് രൂപരേഖയിൽ കാണിച്ചിരിക്കുന്ന താഴത്തെ നിലയുടെ നിർമാണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർകേസിന്റെ നിർമാണമുൾപ്പെടെ നടത്തുന്നുണ്ടെങ്കിലും ഒന്നരക്കോടി രൂപയുടെയെങ്കിലും അധിക ഫണ്ട് ലഭ്യമായാൽ മാത്രമേ മുകളിലത്തെ നിലയുടെ നിർമാണം നടത്താനാകൂ എന്നാണ് അവരുടെ നിലപാട്.
ഇ. ചന്ദ്രശേഖരൻ റവന്യുമന്ത്രിയായിരുന്ന കാലത്താണ് വിദ്വാൻ പി സ്മാരകത്തിന്റെ നിർമാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചത്. കെട്ടിടനിർമാണത്തിനായി സ്ഥലം കണ്ടെത്തുന്നതും ഈ സ്ഥലത്ത് വിദ്വാൻ പിയുടെ കാലത്ത് നിർമിച്ച വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തിന്റെ കെട്ടിടം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ മൂലം സാംസ്കാരികകേന്ദ്രത്തിന്റെ നിർമാണം തുടങ്ങാൻ വർഷങ്ങളോളം വൈകി.
കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് ഇപ്പോൾ സാംസ്കാരികകേന്ദ്രം നിർമിക്കുന്നത്. വർഷങ്ങളുടെ കാലതാമസം മൂലം എസ്റ്റിമേറ്റിലുണ്ടായ വ്യത്യാസമാണ് ഇപ്പോൾ ഫണ്ട് മതിയാകാത്ത നിലയിലെത്തിച്ചത്.
രണ്ട് നിലകളിലായി രൂപകല്പന ചെയ്ത സ്മാരക മന്ദിരം ഒറ്റ നിലയിലേക്ക് ചുരുങ്ങുന്നതോടെ സാംസ്കാരികകേന്ദ്രത്തിൽ വിഭാവനം ചെയ്ത പ്രധാന സൗകര്യങ്ങളെല്ലാം നഷ്ടപ്പെടുമെന്ന നിലയാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന വിദ്വാൻ പി സ്മാരക ട്രസ്റ്റ് വാർഷിക പൊതുയോഗം ചൂണ്ടിക്കാട്ടി.
ഉടൻ ഒന്നരക്കോടി രൂപ കൂടി അധികമായി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ആദ്യ രൂപകല്പന ചെയ്ത രീതിയിൽ തന്നെ മന്ദിരം യാഥാർഥ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റ്ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്. ഗോവിന്ദരാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രാജ്മോഹൻ നീലേശ്വരം, സി.പി. ശുഭ, കെ. പ്രസേനൻ, പി.പി. കുഞ്ഞിക്കൃഷ്ണൻ നായർ, പ്രതീഷ് ഓളിയക്കാൽ, പി. മധുസൂദനൻ, പി.വി. ജയരാജ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കുഞ്ഞിക്കണ്ണൻ കക്കാണത്ത് (ചെയർമാൻ), സി.പി. ശുഭ (വൈസ് ചെയർപേഴ്സൺ), പി.വി. ജയരാജ് (സെക്രട്ടറി), പ്രതീഷ് ഓളിയക്കാൽ (ജോയിന്റ് സെക്രട്ടറി), കെ. പ്രസേനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.