രാഷ്ട്രീയ ചിന്തകൾ വഴിമാറി; ജോസ് കെ. മാണിക്ക് ആശംസാപ്രവാഹം
1572634
Friday, July 4, 2025 4:30 AM IST
കുറവിലങ്ങാട്: രാഷ്ട്രീയ എതിരാളികൾ പോലും ജോസ് കെ. മാണിക്ക് കലവറയില്ലാത്ത ആശംസകൾ സമ്മാനിച്ചു. സയൻസ് സെന്റർ ഉദ്ഘാടനവേളയിൽ സ്വാഗതപ്രസംഗം മുതൽ നന്ദി വരെ എല്ലാ പ്രസംഗകരും ജോസ് കെ. മാണിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി.
സയൻസ് സിറ്റിയുടെ ശില്പി എന്നാണ് സ്വാഗത പ്രസംഗകയായ മന്ത്രി ഡോ.ആർ. ബിന്ദു വിശേഷിപ്പിച്ചത്. സയൻസ് സെന്റർ യാഥാർഥ്യമാക്കാൻ ജോസ് കെ. മാണിയുടെ ഇടപെടൽ എടുത്തുപറയുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ഫ്രാൻസിസ് ജോർജ് എംപിയും ജോസ് കെ. മാണി മുൻഗാമി എന്ന നിലയിൽ നടത്തിയ പരിശ്രമങ്ങൾക്ക് ആശംസകളും നന്ദിയും നേർന്നു. മോൻസ് ജേസഫ് എംഎൽഎയും ജോസ് കെ .മാണി എംപിയുടെ ഇടപെടലുകൾ പരാമർശിച്ചു.
ജോസ് കെ. മാണി എംപിയെക്കുറിച്ചുള്ള പരാമർശങ്ങൾ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത് ഉദ്ഘാടന സമ്മേളനത്തിന് മണിക്കൂറുകൾക്കു മുമ്പുതന്നെ സമ്മേളന വേദിയിൽ എത്തിയ ജോസ് കെ. മാണി നാട്ടുകാരുമായി സൗഹൃദം പങ്കിട്ടും തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചും സജീവമായിരുന്നു.
ആമുഖപ്രഭാഷണത്തിൽ ഈ പദ്ധതി ആരുടെ എന്ന സ്വയം ചോദ്യത്തിന് ജനങ്ങളുടേതെന്ന ഉത്തരവും ജോസ് കെ. മാണി സമ്മാനിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെയും മന്ത്രിയായിരുന്ന കെ. എം. മാണിയെയും പ്രത്യേകം പരാമർശിച്ചു. പൊതുപ്രവർത്തകനെന്ന നിലയിൽ അമൂല്യമായ ഒരു നിമിഷമാണ് സയൻസ് സെന്ററിന്റെ ഉദ്ഘാടനം എന്ന് ജോസ് കെ. മാണി പറഞ്ഞു.