ഉന്നത വിദ്യാഭ്യാസരംഗം മുൻഗണനാ മേഖല: മന്ത്രി ഡോ. ആർ. ബിന്ദു
1572640
Friday, July 4, 2025 4:30 AM IST
വാഴൂർ: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണന നൽകി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിൽ റൂസാ പദ്ധതി പ്രകാരം നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഈ മേഖലയുടെ വികസനത്തിന് ആറായിരം കോടി രൂപ ചെലവഴിച്ചു. കേരളം 60 ശതമാനവും കേന്ദ്രം 40 ശതമാനവും എന്ന നിലയിലാണ് റൂസാ പദ്ധതിയുടെ ചെലവ് വിഹിതം വകയിരുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ കാര്യത്തിൽ ഓരോ കുട്ടിക്കും തുക വകയിരുത്തിയിരിക്കുന്ന വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. രാജ്യത്ത് മുൻ നിരയിൽ നിൽക്കുുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 21 ശതമാനവും കേരളത്തിലാണെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, പ്രിൻസിപ്പൽ ഡോ.ബി. ഗോപകുമാർ, വാർഡ് മെംബർ സൗദ ഇസ്മയിൽ, വി. സിന്ധു, എസ്. ശ്രീകല, വി. ബബിൻ, ഡോ.കെ.എൻ. പ്രീതി, ടി.പി. ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.