ഓണത്തിന് ഇത്തവണയും കുടുംബശ്രീയുടെ പച്ചക്കറിയും പൂവും
1572316
Thursday, July 3, 2025 12:05 AM IST
കോട്ടയം: ഇത്തവണയും ഓണത്തിനു കുടുംബശ്രീയുടെ ജൈവപച്ചക്കറികളും പൂക്കളും ജില്ലയില്‍ വിപണിയിലെത്തും. ഓണക്കനി, നിറപൊലിമ എന്ന പേരില്‍ ജില്ലയില്‍ രണ്ടു കൃഷികളും ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. പച്ചക്കറികളുടെയും പൂക്കളുടെയും തൈകളുടെ ഉത്പാദനം തുടങ്ങി.
വിത്തിട്ടു മുളപ്പിച്ച ഹൈബ്രിഡ് തൈകളാണ് ജൈവകൃഷി രീതിയില്‍ നട്ട് ഓണക്കാലത്ത് വിളവെടുക്കുന്നത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലുളള ജൈവ പ്ലാന്റുകളിലാണ് വിത്തുവിതച്ചിരിക്കുന്നത്.1872 ഏക്കറില്‍ പച്ചക്കറിയും 195 ഏക്കറില്‍ പൂവും കൃഷി ചെയ്യുന്നതിനാണ് കുടുംബശ്രീയുടെ തീരുമാനം.
പച്ചക്കറിയില്‍ പയര്‍, വെണ്ട, തക്കാളി, പാവല്‍, പടവലം, മത്തന്‍, വഴുതന, കുമ്പളം, ചുരയ്ക്ക, പച്ചമുളക് എന്നിവയാണ് പ്രധാനമായും കൃഷിയിറക്കുന്നത്. ചെണ്ടുമല്ലിയും ബന്ദിയുമാണ് പൂക്കള്‍. ഇവയുടെ തൈകള്‍ കുടുംബശ്രീ വഴി കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് നല്‍കും. കൃഷിയിറക്കുന്നതിനായി ഓരോ സിഡിഎസിനും പരമാവാധി 25,000 രൂപ വരെ റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിളവെടുപ്പ് കഴിഞ്ഞ് രണ്ടു മാസത്തിനകം തുക തിരിച്ചടയ്ക്കണം.
ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെയും പൂക്കളുടെയും വിപണി കുടുംബശ്രീ തന്നെയാണ് കണ്ടെത്തുന്നത്. പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താമെങ്കിലും പൂവ് വില്പന ശ്രമകരമാണ്. തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളുടെ വരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുടെ വിവിധ സിഡിഎസുകള്‍ വ്യാപകമായി പൂ കൃഷി ചെയ്തെങ്കിലും വിപണിയിലെ പരാജയം മൂലം നഷ്ടം വന്നു.
ഇത്തവണ പൂവില്‍നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമവും കുടുംബശ്രീ നടത്തുന്നുണ്ട്. പൂവില്‍ നിന്നും തുണിത്തരങ്ങള്‍ക്ക് നിറം നല്‍കുന്നതിനുള്ള കളര്‍ വേര്‍തിരിച്ചെടുക്കുന്നതിനും സാമ്പ്രാണിത്തിരി ഉണ്ടാക്കുന്നതിനുമാണ് ശ്രമം നടത്തുന്നത്.