വന്യജീവി ആക്രമണ പ്രതിരോധം: സെമിനാര്‍ നടത്തി
1572641
Friday, July 4, 2025 4:30 AM IST
കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും ഈ വിഷയത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും, തദ്ദേശസ്വയംഭണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത സെമിനാര്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി.
ജനവാസമേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും അപകടകാരികളായ കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന് വൈല്‍ഡ് പിഗ്നെ കുറിച്ച് അസിസ്റ്റന്റ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ശ്യാം മോഹന്‍ലാല്‍ ഐഎഫ്എസ്, കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജില്ലാ കോ-ഓഡിനേറ്ററുമായ ജോണ്‍ മാത്യു എന്നിവര്‍ വിശദീകരിച്ചു.
കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് ഓരോ പഞ്ചായത്തിലും കൂടുതല്‍ ഷൂട്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും കുരങ്ങുശല്യം രൂക്ഷമായതിനാല്‍ കുരങ്ങിനെ ഒന്നാം പട്ടികയില്‍ പെടുത്തുകയും നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലേക്കാക്കി മാറ്റുകയും ചെയ്ത കേന്ദ്ര വനം പരിസ്ഥിതി നിയമം പിന്‍വലിക്കണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശികുമാര്‍, സുബി സണ്ണി, സിറില്‍ തോമസ്, ജാന്‍സി സാബു, രേഖ ദാസ്, വൈസ് പ്രസിഡന്റുമാരായ സുമി ഇസ്മയില്‍, ഷീലമ്മ ഡൊമിനിക്ക്, പി.എന്‍. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ജെ. മോഹനന്, ബിഡിഒ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, ഡപ്യൂട്ടി റേജ് ഓഫീസര്‍ വിനോദ്, പഞ്ചായത്ത് സെക്രട്ടിമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.