ആശുപത്രിക്കെട്ടിടം അത്യാസന്ന നിലയില്‍
1572649
Friday, July 4, 2025 4:30 AM IST
കോട്ടയം: അറുപതുവര്‍ഷം പഴക്കമുള്ളതാണ് ആര്‍പ്പൂക്കരയില്‍ ഇന്നലെ അപകടമുണ്ടായ മെഡിക്കല്‍ കോളജ് കെട്ടിടം. പലപ്പോഴായി വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്ത കെട്ടിടം പത്തു വര്‍ഷം മുന്‍പ് പൊളിച്ചുമാറ്റേണ്ടതാണ്. 10, 11, 14 വാര്‍ഡുകള്‍ ഈ കെട്ടിടത്തിലുണ്ട്. അതായത് ഒരേസമയം മൂന്നു വാര്‍ഡുകളിലായി നാനൂറോളം രോഗികളും കൂട്ടിരിപ്പുകാരും സന്ദര്‍ശകരും ഡോക്ടര്‍മാരും നഴ്സുമാരും മെഡിക്കല്‍ വിദ്യാര്‍ഥികളും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ കുറഞ്ഞത് ആയിരത്തോളം പേർ ഈ കെട്ടിടത്തിലുണ്ടാകും.
ശൗചാലയത്തിന് സമീപത്തു തന്നെയാണ് പതിനൊന്നാം വാര്‍ഡ്. ശസ്ത്രക്രിയ കഴിഞ്ഞവരും അതിനായി കാത്തിരിക്കുന്നവരുമാണ് ഇവിടത്തെ രോഗികള്‍. ശൗചാലയം വീണ ആഘാതത്തില്‍ കെട്ടിടത്തിനു പൂര്‍ണമോ ഭാഗികമോ ആയ തകര്ച്ചസംഭവിച്ചിരുന്നെങ്കില് ദുരന്തത്തിന്റെ വ്യാപ്തി അചിന്ത്യമാകുമാ യിരുന്നു.
കേരളത്തിലെ മൂന്നാമത്തെ മെഡിക്കല്‍ കോളജായി 1962 ഡിസംബര്‍ മൂന്നിനാണ് അന്നത്തെ ആരോഗ്യമന്ത്രി എം.പി. ഗോവിന്ദന് നായരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്. ശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗികള്‍ക്ക് സേവനം നല്കുന്ന ആശുപത്രിയില്‍ ദിവസേന മൂവായിരം ഒപിയും അഞ്ഞൂറിലേറെ അത്യാഹിത രോഗികളും എത്തുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠനം തുടങ്ങിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഒന്നര വര്‍ഷത്തെ പഠനത്തിനുശേഷം കോട്ടയത്ത് മടങ്ങിയെത്തി ആദ്യകാല ക്ലിനിക്കല്‍ പരിശീലനം കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു. പിന്നീടാണ് ആര്‍പ്പൂക്കരയില്‍ ഗാന്ധിനഗര്‍ എന്ന പേരില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സജീവപ്രവര്‍ത്തനം തുടങ്ങിയത്. അക്കാലത്ത് പണിത കെട്ടിടത്തിന്റെ ഭാഗമാണ് ഇന്നലെ തകര്‍ന്നത്.
പുതിയ സർജിക്കൽ ബ്ലോക്കിൽ മൂന്നു വാർഡുകൾ പ്രവർത്തനം ആരംഭിച്ചു
കോട്ടയം: മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇന്നലെ വൈകുന്നേരം തന്നെ വാർഡുകൾ പൂർണ സജ്ജമായി. 10, 17, സിഎൽ 4-1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായി.
മാറ്റി പ്രവർത്തനം ആരംഭിച്ചു
കോട്ടയം: മെഡിക്കൽ കോളജിലെ 10,11,12,13,14, 15,17,24 എന്നീ വാർഡുകളും റേഡിയോ ഡയഗ്നോസിസ് വകുപ്പും സെൻട്രൽ സ്റ്റെറൈൽ സപ്ലൈ വകുപ്പും പുതിയ സർജിക്കൽ ബ്ലോക്കിലേക്കും സി.എൽ. 4 വാർഡിലേക്കുമായി മാറ്റി പ്രവർത്തനം ആരംഭിച്ചു. രോഗികളെ പുതിയ വാർഡുകളിലേക്ക് മാറ്റി.