സയൻസ് സിറ്റി ഉദ്ഘാടനം ആഘോഷമാക്കി നാട്
1572629
Friday, July 4, 2025 4:30 AM IST
കുറവിലങ്ങാട് : ശാസ്ത്രവും കൗതുകവും വിനോദവും വിജ്ഞാനവും സമ്മാനിക്കുന്ന സയൻസ് സിറ്റിയുടെ ആദ്യഘട്ടമായ സയൻസ് സെന്ററിന്റെ ഉദ്ഘാടനത്തെ നാട് ആവേശത്തോടെ വരവേറ്റു. ദിവസങ്ങളായി ഉദ്ഘാടനം ആഘോഷമാക്കാനുള്ള തയാറെടുപ്പുകളിലായിരുന്നു നാടും പ്രാദേശിക ജനപ്രതിനിധികളും. പള്ളിക്കവല വരെ കൊടിതോരണങ്ങൾകൊണ്ട് എംസി റോഡ് അലങ്കരിച്ചിരുന്നു. എം സി റോഡിലെ വലിയ കുഴികൾ അടച്ച് യാത്രായോഗ്യമാക്കി എന്നത് നാടിന് ഏറെ നേട്ടമായി.
സയൻസ് സിറ്റിയിലെ കെട്ടിടങ്ങൾ മുഴുവൻ വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം എന്ന നിലയിൽ വലിയ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. രണ്ടു ദിവസമായി നാടുനീളെ വലിയ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. വിവിധ പഞ്ചായത്തുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വാഹനങ്ങളിൽ ആൾക്കാരെ ഉദ്ഘാടനത്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിരുന്നു.
പരാതികളില്ലാതെ ഗതാഗതക്രമീകരണങ്ങളും നടത്താൻ കഴിഞ്ഞു. ആദ്യദിനംതന്നെ സയൻസ് സെന്റർ സന്ദർശിക്കുക എന്ന ആവേശത്തോടെയായിരുന്നു നാട്ടുകാരുടെ ഒഴുക്ക് . മഴ മാറിനിന്ന് അനുകൂല കാലാവസ്ഥ സംഘാടകർക്ക് വലിയ ആശ്വാസമായി. കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞതോടെ ആളുകളെ സയൻസ് സിറ്റിയുടെ കാമ്പസിൽ കസേരയിട്ട് ഇരുത്തുകയായിരുന്നു.
സ്റ്റേജിന്റെ ക്രമീകരണങ്ങളിൽ അവസാന നിമിഷം നേരിയ മാറ്റങ്ങൾ വരുത്തേണ്ടിവന്നത് മാത്രമാണ് നേരിയ അസ്വസ്ഥതകൾ സൃഷ്ടിച്ചത്. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും എത്തുന്നതിന് ഒരു മണിക്കൂറോളം മുമ്പാണ് സ്റ്റേജിന്റെ ക്രമീകരണങ്ങൾ പൂർത്തീകരിച്ചത്.