കല്ലറയില്‍ വിരിപ്പുകൃഷി ഉപേക്ഷിക്കേണ്ടിവരുമോ?
1572896
Friday, July 4, 2025 7:02 AM IST
കടുത്തുരുത്തി: തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും കല്ലറയില്‍ ഈ വര്‍ഷത്തെ വിരിപ്പ് (വര്‍ഷ) കൃഷി ആരംഭിക്കാന്‍ വൈകും. പാടശേഖരത്തെ വെള്ളം വറ്റാത്തതിനാല്‍ വിത്ത് വിതയ്ക്കാൻ നിലം ഒരുക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള തടസമാണ് കൃഷി വൈകാന്‍ കാരണമാകുന്നത്.
ജൂണ്‍ പകുതിയോടെ വിത തുടങ്ങണമെന്നായിരുന്നു കര്‍ഷകരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും തീരുമാനം. കാലാവസ്ഥയില്‍ വന്ന മാറ്റം കര്‍ഷകരുടെ കണക്കുകൂട്ടലാകെ താളം തെറ്റിച്ച അവസ്ഥയാണ്. ഇരുപ തിലധികം പാടങ്ങളിലായി 685 ഹെക്ടറിലാണ് ഈ വര്‍ഷം വിരിപ്പുകൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നത്.
വിരിപ്പുകൃഷി ചെയ്യുന്ന പാടശേഖരങ്ങളിലധികവും മുണ്ടാര്‍ മേഖലയിലാണ്. ചില പാടശേഖരങ്ങളില്‍ വിരിപ്പുകൃഷിക്കുള്ള ഒരുക്കങ്ങളെല്ലാം നടന്നിരുന്നതാണ്. ഇതിനിടെയാണ് കഴിഞ്ഞ മേയ് 26ന് മഴ തുടങ്ങിയത്. ഇതോടെ കരിയാറും കെവി കനാലും ഉള്‍പ്പെടെയുള്ള പുഴകളും തോടുകളും കരകവിഞ്ഞു. പല പാടശേഖരങ്ങളിലും ബണ്ട് കവിഞ്ഞ് വെള്ളം കയറി.
മുണ്ടാര്‍ ഒന്നാം ബ്ലോക്ക്, പുലയ കോളനി, കങ്ങള-രണ്ട് എന്നീ പാടശേഖരങ്ങളില്‍ പെട്ടിയും പറയും തള്ളിപ്പോയതോടെ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കോലത്തുകരി-വലിയകരി, ആനച്ചാംകുഴി, തട്ടാപറമ്പ് തെക്ക്, കങ്ങഴ-എട്ട് എന്നിങ്ങനെ നിരവധി പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടായി. വെള്ളം കുറഞ്ഞാല്‍ മാത്രമേ പാടശേഖരത്തെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉയരമുള്ള ശക്തമായ പുറംബണ്ടുകള്‍ ഇല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.
പരിഹാരം കാണണം
തോടുകളെല്ലാം പോളയും പായലും വളര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. ഇത് തെളിക്കാത്തതുമൂലം വെള്ളം കായലിലേക്ക് ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല. കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണിവിടുത്തെ ജനങ്ങള്‍. കൃഷി മുടങ്ങിയാല്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാവുന്നത്.
സര്‍ക്കാരും കൃഷി വകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വിരിപ്പുകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്ന് മുണ്ടാര്‍ പറമ്പന്‍കരി പാടശേഖരത്തിലെ കര്‍ഷകനായ സലി കാക്കത്തുരുത്തേല്‍ പറഞ്ഞു.