ലഹരിവിരുദ്ധ സന്ദേശ പ്രചാരണ യാത്ര
1572563
Thursday, July 3, 2025 6:24 AM IST
കോട്ടയം: ലഹരി ഉപയോഗത്തിനെതിരേ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യാത്ര നടത്തും. നാലിന് കാസര്ഗോഡ്നിന്നാരംഭിക്കുന്ന യാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും. 14 ജില്ലകളിലെ 21 ഭദ്രാസനങ്ങളിലൂടെ യാത്ര കടന്നുപോകും. യാത്ര കടന്നുചെല്ലുന്ന ജില്ലാ കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശ സംഗമങ്ങള്‍ സംഘടിപ്പിക്കും.
യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് കാസര്‍ഗോഡ് നര്‍ക്കിലക്കാട് എംജിഎം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വഹിക്കും. സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് എം. ഷാജിര്‍ ഫ്ലാഗ് ഓഫ് ചെയ്യും. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
12ന് വൈകുന്നേരം 3.30ന് യാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം പേരൂര്‍ക്കട സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടക്കും. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഫാ. ജെയിന് സി. മാത്യു, ഫാ. വിജു ഏലിയാസ്, രഞ്ജു എം. ജോയ്, ജിജോ ജോര്‍ജ്, അബി ഏബ്രഹാം കോശി, നിബിന് നല്ലവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.