35 വർഷമായി കുചേലനും ശ്രീകൃഷ്ണനുമായി പകർന്നാടി എസ്. ഹരിദാസൻ നായർ
1572569
Thursday, July 3, 2025 6:33 AM IST
വൈക്കം: കുചേലന്റെ ദൈന്യവും സുഹൃത്തിനായി തനിക്കുള്ളതെല്ലാം വിട്ടുനൽകാൻ മനസുകാട്ടുന്ന ശ്രീകൃഷ്ണന്റെ ഹൃദയവിശാലതയും മിഴിവോടെ അഭിനയിച്ചുകാട്ടുമ്പോൾ പൊതുപവർത്തകനായ എസ്. ഹരിദാസൻനായർ തികഞ്ഞ നടനാണ്. കഴിഞ്ഞ 20 വർഷമായി വൈക്കം നഗരസഭാ കൗൺസിലറായ എസ്. ഹരിദാസൻനായർ 35 വർഷമായി ശ്രീമദ് ഭാഗവത സപ്താഹ വേദികളിൽ ശ്രീകൃഷ്ണനായും കുചേലനായും പകർന്നാട്ടം നടത്തിയിട്ടുണ്ട്. ഇതിൽ 20 തവണ കൃഷ്ണനായും 15 വട്ടം കുചേലനായും അദ്ദേഹം ഭക്തമനസുകളെ ഭാവഗരിമയാൽ വിസ്മയിപ്പിച്ചു.
വൈക്കം നഗരസഭ 10 ാം വാർഡിലെ കൗൺസിലറായ എസ്. ഹരിദാസൻ നായർ നഗരസഭയിലെ പ്രതിപക്ഷ നേതാവുമാണ്. എസ്. ഹരിദാസൻ നായർ 1985ലാണ് ശ്രീമദ് ഭാഗവത സപ്താഹയ ജ്ഞത്തോടനുബന്ധിച്ച് ആദ്യമായി കുചേല വേഷം കെട്ടിയത്. കുചേലനും കൃഷ്ണനുമായുള്ള ഹരിദാസൻനായരുടെ നടനമികവ് വൈക്കത്തിനു പുറമേ ചേർത്തലയിലും നിരവധി ഇടങ്ങളിൽ അരങ്ങേറിയിട്ടുണ്ട്.
1980 മുതൽ അമച്വർ നാടകരംഗത്ത് ഹരിദാസൻ നായർ സജീവമാണ്. ഇദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ശ്രീനാരായണഗുരു അവതാരമെന്ന നാടകത്തി ൽ കേന്ദ്രകഥാപാത്രമായ ശ്രീനാരായണ ഗുരുവിന്റെ വേഷം അവതരിപ്പിച്ചതും ഹരിദാസൻ നായരാണ്.
ഇതിനകം നിരവധി ടെലി ഫിലിമിലും ഷോർട്ട് ഫിലിമിലും ഹരിദാസൻ നായർ അഭിനയിച്ചു കഴിഞ്ഞു. പിതാവ് സദാശിവൻ നായർ നർത്തകനും വല്യച്ഛൻ പ്രമുഖ കഥകളി നടനായിരുന്ന കലാമണ്ഡലം വൈക്കം കരുണാകരൻ നായരുമായിരുന്നു. ഏതാനും വർഷങ്ങളായി ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സപ്താഹത്തിനായി ഹരിദാസൻ നായരെ കുചേലനായി ഒരുക്കിയത് ചമയകലയിൽ സംസ്ഥാന അവാർഡ് നേടിയ കലാനിലയം ജയപ്ര കാശാണ്.
ഹരിദാസൻനായരെ പലതവണ കൃഷണനായി രൂപപ്പെടുത്തിയ കലാനിലയം ജയപ്രകാശ് ഇവിടെ ശ്രീകൃഷ്ണനായിവേഷമിട്ട് ഹരിദാസൻനായരുടെ കുചേലനുമായി മത്സരിച്ച് അഭിനയിച്ചതും ഭക്തർക്ക് ആത്മഹർഷമായി. രുക്മിണിയായി വേഷമിട്ട കുറവിലങ്ങാട് ദേവമാതാ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ദേവികയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
അഞ്ചു തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹരിദാസൻ നായർ നാലു തവണയും മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളുടെ പ്രിയങ്കരനായ ജനപ്രതിനിധിയായി തിരക്കിട്ട് ഓടിനടക്കുന്ന ഹരിദാസൻ നായരുടെ കലാപ്രവർത്തനങ്ങൾക്ക് ഭാര്യ സുധാകുമാരിയും മകൾ ഐശ്വര്യയും മരുമകൻ വിഷ്ണുവും നിർലോഭമായ പിന്തുണയാണ് നൽകുന്നത്.