കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിർമാണം :നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി
1572564
Thursday, July 3, 2025 6:24 AM IST
കടുത്തുരുത്തി: റെയില്‍വേയ്ക്കും സര്‍ക്കാരിനും കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തടസവാദം ഉന്നയിച്ച് നാട്ടുകാരായ രണ്ടുപേര്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെയാണ് മേല്‍പ്പാലത്തിനുള്ള വഴിതുറന്നത്. പരാതിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്ക്കുന്നതല്ലെന്നു കണ്ടാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാദം കേട്ട് കേസ് തള്ളിയത്.
മുമ്പ് സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. പൊതുജനത്തെ ബാധിക്കുന്ന പ്രശ്നമാണ് റെയില്‍വേ മേല്‍പ്പാലമെന്നും ഏതാനും വ്യക്തികള്‍ക്കുവേണ്ടി മേല്‍പ്പാലം നിര്‍മാണം ഉപേക്ഷിക്കാനാവില്ലെന്നും കോടതി നിരീഷിച്ചു. തുടര്‍ന്നാണ് പരാതിക്കാരായ കെ.ജെ. ജയിംസ്, അലക്സ് തയ്യില്‍ എന്നിവര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
റെയില്‍വേയുടെ നയം അനുസരിച്ച് എല്ലാ ലെവല്‍ ക്രോസുകളും ഒഴിവാക്കി മേല്‍പ്പാലമോ, അടിപ്പാതയോ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ-മധുര മിനി ഹൈവേയില്‍ വരുന്ന റോഡിലാണ് കുറുപ്പന്തറ റെയില്‍വേ ഗേറ്റുള്ളത്. ഇവിടത്തെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കുക മാത്രമാണ് ഏകപരിഹാരമെന്നു കണ്ടെത്തിയിരുന്നു.
ആലപ്പുഴ-മധുര മിനി ഹൈവേയില്‍ കുറുപ്പന്തറയിലുള്ള റെയിവേയുടെ ലവല്‍ക്രോസില്‍ 2012-13ൽ ജോസ് കെ. മാണി എംപിയായിരിക്കെയാണ് മേല്‍പ്പാലം നിര്‍മാണം ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
2018ല്‍ കിഫ്ബിയില്‍നിന്നു സ്ഥലം ഏറ്റെടുക്കുന്നതിനും നിര്മാണത്തിനുവേണ്ടി മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജിഎഡി സമര്‍പ്പിക്കുകയും (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തു.
പൊന്നുംവില നടപടി അനുസരിച്ചു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലവില, കെട്ടിടവില നിര്‍ണയവും നടത്തി. തുടര്‍ന്നാണ് രണ്ടു പേര് കോടതിയില്‍ കേസുമായെത്തുന്നത്. ഇതോടെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ റെയില്‍വേയോട് തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതോടെ മേല്‍പ്പാലം നിര്‍മാണത്തിന്റെ നടപടികള്‍ തടസപ്പെടുകയായിരുന്നു.
സര്‍ക്കാരിനും റെയില്വേയ്ക്കുമൊപ്പം മാഞ്ഞൂര്‍ വികസനസമിതിയും മേല്‍പ്പാലം നിര്‍മാണം വേണമെന്ന ആവശ്യവുമായി കേസില്‍ കക്ഷിചേരുകയായിരുന്നുവെന്ന് സമിതി സെക്രട്ടറി വിന്‍സന്റ് ചിറയിലും വൈസ് ചെയര്മാന് ജോമോന് കുരുപ്പത്തടവും പറഞ്ഞു. 2024 ഫെബ്രൂവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച മേല്‍പ്പാലങ്ങളുടെ കൂട്ടത്തില്‍ കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെട്ടിരുന്നു.