സംക്രാന്തിയിലും ചവിട്ടുവരിയിലും കുരുക്കോടു കുരുക്ക്
1572555
Thursday, July 3, 2025 6:24 AM IST
കോട്ടയം: എംസി റോഡില്‍ ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിലെ ഗതാഗതക്കൂരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. തെള്ളകം, സംക്രാന്തി, ചവിട്ടുവരി, എസ്എച്ച് മൗണ്ട് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. സംക്രാന്തിയില്‍ പഴയ എംസി റോഡില്‍നിന്നു വണ്‍വേയായി വാഹനങ്ങള്‍ തിരിഞ്ഞുവരുന്നതും ജംഗ്ഷനില്‍ തന്നെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തുന്നതുമാണ് കുരുക്കിനു കാരണം.
ബസ്റ്റോപ്പിനോടു ചേര്‍ന്നു തന്നെയാണ് ഇവിടെ ഓട്ടോറിക്ഷ-ടാക്സി സ്റ്റാന്‍ഡും. ബസ്സ്റ്റോപ്പുകള്‍ ജംഗ്ഷനില്‍നിന്ന് അല്പം മാറ്റിയാലും ടാക്സി സ്റ്റാന്‍ഡിനു പുനഃക്രമീകരണം നടത്തിയാലും ഇവിടത്തെ കുരുക്ക് ഒഴിവാക്കാനാകുന്നതാണ്.
ചവിട്ടുവരിയിലും ഇതേ സ്ഥിതിയാണ്. ഇവിടത്തെ മുക്കവലയിലാണ് ഇരുവശങ്ങളിലേക്കുമുള്ള സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ കുരുക്കാകും. ഇതിനിടയിലേക്കാണ് പാറമ്പുഴ റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ എത്തുന്നതും. ഈ സമയം ഒരു വശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവിടെയും രണ്ടു വശങ്ങളിലേക്കും ബസ് സ്റ്റോപ്പുകള്‍ മാറ്റി ക്രമീകരിച്ചാല്‍ കുരുക്കിനു പരിഹാരമുണ്ടാകും. രണ്ടിടങ്ങളിലും നേരത്തേ ട്രാഫിക് പോലീസിന്റെ സേവനമുണ്ടായിരുന്നു സ്കൂള്‍ തുറന്ന് തിരക്ക് വര്‍ധിച്ച ഈ സമയത്ത് ട്രാഫിക് പോലീസിന്റെ സേവനം പലപ്പോഴും ലഭ്യമല്ലാത്ത സ്ഥിതിയുമാണ്.
തെള്ളകം കാരിത്താസ് ജംഗ്ഷനിലും എസ്എച്ച് മൗണ്ടിലും സമാനമായ കുരുക്കാണ്. ജംഗ്ഷനുകളിലെ അനധികൃത പാര്‍ക്കിംഗും കൈയേറ്റവും ഒഴിപ്പിച്ച് ജംഗ്ഷന് വീതികൂട്ടിയാലും കുരുക്ക് ഒഴിവാക്കാം.