ദേശീയ പാതയോരത്ത് കോൺക്രീറ്റ്, ടാറിംഗ് അവശിഷ്ടങ്ങൾ വ്യാപകമായി തള്ളുന്നു
1572644
Friday, July 4, 2025 4:30 AM IST
മുണ്ടക്കയം: മാലിന്യനിർമാർജനമെന്ന ലക്ഷ്യത്തോടെ നാടൊന്നാകെ കൈകോർത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തങ്ങൾക്കിതൊന്നും ബാധകമല്ലെന്ന് മട്ടിലാണ് ചിലരുടെ പ്രവർത്തനം. ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലുള്ള റോഡിന്റെ വശങ്ങളിൽ വ്യാപകമായാണ് കോൺക്രീറ്റിംഗ്, ടാറിംഗ് അവശിഷ്ടങ്ങൾ തള്ളുന്നത്.
സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ വർഷം റോഡിന്റെ വശങ്ങളിൽ കൂടിക്കിടുന്ന മാലിന്യങ്ങളും കല്ലും മണ്ണും നീക്കം ചെയ്ത് വാഹനയാത്ര സുഗമമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ രാത്രിയും പകലും നിർമാണം നടക്കുന്ന പലസ്ഥലങ്ങളിലെയും കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളുന്നത്.
ഈ ഭാഗത്ത് കൂടാതെ 31ാം മൈലിന് സമീപവും ദേശീയപാതയുടെ വശത്ത് വ്യാപകമായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുകയാണ്.
മുണ്ടക്കയം ടൗണിനോട് ചേർന്ന് നടക്കുന്ന കലുങ്ക് നിർമാണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ ദേശീയപാതയുടെ വശങ്ങളിൽ തള്ളുന്നതെന്നും ദേശീയപാത വിഭാഗം അധികാരികളുടെ അറിവോടെയാണ് പാതിയോരത്ത് മാലിന്യ നിക്ഷേപം നടക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
മഴക്കാലമായതോടെ ദിവസങ്ങൾക്കുള്ളിൽ കൂടിക്കിടക്കുന്ന മാലിന്യത്തിന് മുകളിൽ കാടുപടലങ്ങൾ പടർന്നുപിടിക്കും. ഇതു വാഹന യാത്രക്കാരുടെ കാഴ്ച മറക്കുകയും അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതുമൂലം പരാധീനതകളുടെ നടുവിലാണ് ദേശീയപാത. വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത ദേശീയപാതയുടെ വശങ്ങളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതോടെ അപകട സാധ്യത വർധിപ്പിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങൾ വെട്ടിച്ചുമാറ്റുമ്പോൾ ഇത്തരത്തിൽ റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
കാമറകൾ സ്ഥാപിച്ചും പരിശോധനകൾ നടത്തിയും മാലിന്യ നിക്ഷേപകരെ കണ്ടെത്തി ഇവർക്കെതിരെ കർശന നടപടിയെടുക്കുമ്പോൾ പട്ടാപ്പകൽ യാതൊരു നിയന്ത്രണവുമില്ലാതെ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും പൊതു സമൂഹത്തിൽനിന്നും ചോദ്യങ്ങളുയരുന്നുണ്ട്.