അത് ബിന്ദുവാകരുതേ എന്നു പ്രാർഥിച്ചു, പക്ഷേ...
1572648
Friday, July 4, 2025 4:30 AM IST
ഗാന്ധിനഗര്‍: എന്റെ അടുത്തുനിന്നു ചികിത്സയിലുള്ള മകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോയ അവള് മരണത്തിലേക്കാണു പോയതെന്ന് അറിഞ്ഞിരുന്നില്ല. 14-ാം വാര്‍ഡിലെ ശുചിമുറി അടക്കമുള്ള കെട്ടിടഭാഗങ്ങള്‍ ഇടിഞ്ഞുവീണു മരണപ്പെട്ട ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്റെ വാക്കുകളാണിത്. ഇതു പറയുമ്പോള്‍ വിശ്രുതന്‍ നെഞ്ച് പൊട്ടിക്കരയുകയായിരുന്നു. ഇന്നലെ രാവിലെ വരെ കൂടെയുണ്ടായിരുന്ന ഭാര്യയുടെ വേര്‍പാട് അയാള്‍ക്ക് താങ്ങാവുന്നതിലു മധികമായിരുന്നു. ഇവരുടെ മകള്‍ നവമിയെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തതോടെയാണ് ബിന്ദുവിനൊപ്പം വിശ്രുതന്‍ ആശുപത്രിയില്‍ എത്തുന്നത്.
ഇന്നലെ രാവിലെ ഡോക്ടര്‍മാര്‍ വിവിധ രക്തപരിശോധനയ്ക്കായി കുറിച്ചുനല്‍കിയിരുന്നു. ഇതിനുള്ള രക്തസാമ്പിളുമായി വിശ്രുതനും ബിന്ദുവുമാണ് ലാബിലേക്ക് പോയത്. ലാബില്‍ ചെന്നപ്പോള്‍ തിരക്കായതിനാല്‍ വിശ്രുതനെ ക്യൂവില്‍ നിര്‍ത്തി മകള്‍ക്ക് ഭക്ഷണം കൊടുക്കാനായി ബിന്ദു വാര്‍ഡിലേക്ക് പോയി. പിന്നീട് ബാത്ത് റൂമിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.
ആശുപത്രിയില്‍നിന്നു ബഹളവും നിലവിളിയുമൊക്കെ കേട്ട് ഓടിയെത്തുമ്പോള്‍ വാര്‍ഡില്‍നിന്ന് എല്ലാവരെയും പുറത്തേക്കിറക്കുകയായിരുന്നു. മകളെ കണ്ടു അമ്മയെ തിരക്കിയപ്പോള്‍ അമ്മ ബാത്ത്റൂമില്‍ പോയിരുന്നെന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ലന്നും നവമി പറഞ്ഞു. ഇതോടെ ബിന്ദു അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പായെന്ന് വിശ്രുതന്‍ പറഞ്ഞു. ഭാര്യയെ കാണാനില്ലെന്ന് പോലീസുകാരെയും മറ്റും അറിയിച്ചു. ഇടിഞ്ഞുവീണ കെട്ടിടഭാഗങ്ങള്‍ ജെസിബി കൊണ്ട് നീക്കം ചെയ്തപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയിട്ടുണ്ടെന്നും ഇതു ഭാര്യയാണോയെന്ന് തിരിച്ചറിയാന്‍ മോര്‍ച്ചറിയിലേക്ക് വരണമെന്ന് പോലീസ് അറിയിച്ചപ്പോള്‍ വിശ്രുതന്റെ നെഞ്ച് പിടഞ്ഞു. അതു തന്റെ ബിന്ദുവാകരുതേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു. എന്നാല്‍, വിധി മറ്റൊന്നായിരുന്നു.
മോര്‍ച്ചറിയില്‍ ബിന്ദുവിന്റെ മൃതദേഹം കണ്ടു വിശ്രുതന്‍ അലമുറയിട്ട് കരഞ്ഞു. തന്റെ ഒപ്പം ലാബില്‍ നില്‍ക്കുകയായിരുന്നെങ്കില്‍ അവള് അപകടത്തില്പെടില്ലായിരുന്നെന്ന് വിശ്രുതന്‍ തേങ്ങലോടെ പറഞ്ഞു.