ഒരു പഞ്ചായത്ത് കളിക്കളം : നീണ്ടൂരില്‍ കളിക്കളം ഒരുങ്ങുന്നു
1572558
Thursday, July 3, 2025 6:24 AM IST
നീണ്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി നീണ്ടൂരില്‍ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തൃക്കേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിര്‍മിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചെലവിട്ടാണ് നിര്‍മാണം.
ഒരേക്കറോളം വരുന്ന ഗ്രൗണ്ടില്‍ ഫെന്‍സിംഗ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പണ്‍ ജിം എന്നിവയും ഇന്‍ഡോറില്‍ സ്പോര്‍ട്സ് ഫ്ലോറിംഗ്, വൈദ്യുതി സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും. ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കുന്നതിനായി 90 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലുമാണ് ഗ്രൗണ്ട് നിര്‍മിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘’ഒരു പഞ്ചായത്ത് ഒരു കളിക്കളം’’.
സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. കായിക സൗകര്യങ്ങള്‍ ലഭ്യമാക്കുക വഴി കുട്ടികളെ കളിക്കളങ്ങളിലേക്കെത്തിച്ച് കായിക മേഖലയിലെ വളര്‍ച്ചയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് പറഞ്ഞു.