പാലാ രൂപത ആഗോള പ്രവാസിസംഗമം: ഒരുക്കങ്ങള്‍ സജീവമായി
1572566
Thursday, July 3, 2025 6:33 AM IST
പാലാ: രൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. 19ന് ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജിലാണ് ഗ്ലോബല്‍ സംഗമം ഒരുക്കിയിട്ടുള്ളത്.
സമ്മേളനം, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകള്‍ക്കുള്ള ആദരവ് തുടങ്ങിയവയാണ് ഈ വര്‍ഷത്തെ പ്രധാന ഇനങ്ങള്‍. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ രൂപതാംഗങ്ങളായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിക്കാനുള്ള വേദിയൊരുക്കുന്ന സംഗമം വിജയിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ ഇതിനോടകം ചെറിയ സംഗമങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒട്ടേറെ വേറിട്ട കര്‍മപരിപാടികള്‍ പൂര്‍ത്തീകരിച്ചാണ് ഈ വര്‍ഷത്തെ സമ്മേളനത്തിലേക്ക് പ്രവേശിക്കുന്നത്.
പ്രവാസികളുടെ മക്കള്‍ക്കായി നടത്തിയ ഓറിയന്റേഷന്‍ പ്രോഗ്രാം മികച്ച പങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയുമായി ചേര്‍ന്ന് പ്രവാസികള്‍ക്കായി പ്രിവിലേജ് കാര്‍ഡ്, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വിവിധ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍,
പ്രവാസികള്‍ക്കും നാട്ടിലുള്ള മാതാപിതാക്കള്‍ക്കും വിദേശങ്ങളില്‍ പഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക സേവന സംവിധാനം, പാലിയേറ്റീവ് പരിചരണം, വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞതായി രൂപത പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അറിയിച്ചു.
സംഗമം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും.