‘ടേക്ക് എ ബ്രേക്ക്’ വഴിയിട വിശ്രമകേന്ദ്രം പ്രവർത്തനക്ഷമമാക്കണമെന്ന്
1533585
Sunday, March 16, 2025 7:11 AM IST
തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ പഴയ കെട്ടിടത്തോടുചേർന്ന് നിർമിച്ച "ടേക്ക് എ ബ്രേക്ക്' വഴിയിട വിശ്രമകേന്ദ്രം പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധം വ്യാപകം. 2022-23, 2023-24 വർഷങ്ങളിൽ രണ്ടു പദ്ധതികളിൽ ഉൾപ്പെടുത്തി 13.95 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിർമിച്ചത്.
കെട്ടിടത്തിൽ പത്ത് ശൗചാലയങ്ങളാണുള്ളത്. ഇൻസിനറേറ്ററും വെൻഡിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. സർക്കാരിന്റെ ഉത്തരവ് പ്രകാരം കുടുംബശ്രീക്കാണ് ടേക്ക് എ ബ്രേക്കിന്റെ പരിപാലനച്ചുമതല.
എന്നാൽ, ഇതിനുള്ള നടപടികളൊന്നും പൂർത്തിയായില്ല. പകരം കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമകേന്ദ്രം തലയോലപ്പറമ്പിൽ നിർമിച്ചത്.
ചന്തയ്ക്ക് സമീപമാണ് കെട്ടിടം നിർമിച്ചിരിക്കുന്നതിനാൽ വ്യാപാരികൾക്കും ചന്തയിൽ എത്തുന്നവർക്കും ഇവിടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പദ്ധതി ഉപകാരപ്രദമാണ്. ചന്തയിൽ നിലവിൽ പൊതു ശൗചാലയമില്ല.
ഏറെ പ്രയോജനം ചെയ്യുന്ന ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമകേന്ദ്രം ഉടൻ തുറന്നുകൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.