തിരുനക്കര ഉത്സവം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്ന് മന്ത്രി
1533571
Sunday, March 16, 2025 6:57 AM IST
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രോത്സവവും പകൽപ്പൂരവുമായും ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു സുരക്ഷാക്രമീകരണങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും വിലയിരുത്തി.
തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. വിവിധ വകുപ്പുകളുടെയും ക്ഷേത്രം ഭരണസമിതിയുടെയും ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ ഉത്സവം പിഴവുകളില്ലാതെ ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണൊരുക്കിയിട്ടുള്ളതെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഉത്സവദിവസങ്ങളിൽ ക്ഷേത്രപരിസരത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൺട്രോൾ റൂംവഴി ഏകോപിപ്പിക്കും. 21നാണ് പകൽപൂരം. ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആനകളുടെ എഴുന്നള്ളിപ്പിൽ പ്രത്യേകശ്രദ്ധ വേണമെന്ന് മന്ത്രി നിർദേശിച്ചു. നാട്ടാന പരിപാലന ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വനം, മൃഗസംരക്ഷണ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമുണ്ടാകണം.
ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിന് ക്ഷേത്രപരിസരത്തും സമീപ റോഡുകളിലും കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രി പോലീസിനു നിർദേശം നൽകി. ലഹരി ഉപയോഗം തടയാൻ ഷാഡോ പോലീസിന്റെയടക്കം സഹായത്തോടെ പരിശോധനകൾ ഊർജിതമാക്കണമെന്ന് എക്സൈസ് വകുപ്പിനോടും ആവശ്യപ്പെട്ടു.
മുഴുവൻ സമയവും വൈദ്യുതി വിതരണം ഉറപ്പുവരുത്താൻ കൺട്രോൾ റൂം തുറക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരോടും നിർദേശിച്ചു. ക്ഷേത്രഭരണസമിതി പുറത്തിറക്കിയ പ്രൊമോ വീഡിയോയുടെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. റവന്യു കൺട്രോൾ റൂം, പോലീസ് എയ്ഡ്പോസ്റ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയവർ വിശദീകരിച്ചു. നാല് സെക്ടറുകളായി തിരിച്ച് മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദ് അറിയിച്ചു. പോലീസ് എയ്ഡ് പോസ്റ്റും ക്ഷേത്രപരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.
ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും അളവുതൂക്ക വിഭാഗവും ചേർന്ന് ഭക്ഷണശാലകളിൽ പരിശോധന നടത്തും. ശുചീകരണത്തിന് പ്രത്യക സജ്ജീകരണങ്ങൾ നഗരസഭയുടെ നേതൃത്വത്തിലൊരുക്കും. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളുടെ ടാറിംഗ് പൂർത്തിയായി വരുന്നതായി പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം അറിയിച്ചു.
യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. ശ്രീലത, തഹസീൽദാർ എസ്.എൻ. അനിൽകുമാർ, ക്ഷേത്രോപദേശക സമിതി മുഖ്യ രക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ, പ്രസിഡന്റ് ടി.സി. ഗണേഷ് എന്നിവർ പ്രസംഗിച്ചു.