വടുതല-ആളുറുമ്പ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി
1532992
Saturday, March 15, 2025 12:02 AM IST
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ വടുതല-ആളുറുമ്പ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡാണിത്. മൂന്നര കിലോമീറ്റർ ദൂരമുള്ള ഈ റോഡ് 40 വർഷങ്ങൾക്ക് മുന്പാണ് എട്ടു മീറ്റർ വീതിയിൽ നവീകരിച്ച് ടാറിംഗ് നടത്തിയത്. അതിനുശേഷം ജനരോഷമുണ്ടാകുമ്പോൾ തകർന്ന ഭാഗങ്ങൾ ഭാഗികമായി അറ്റകുറ്റപ്പണികൾ ചെയ്യുന്നതല്ലാതെ കാര്യമായ നിർമാണങ്ങളൊന്നും നടന്നിട്ടില്ല. അടുത്തകാലത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇത്തരത്തിൽ ഭാഗികമായി ടാറിംഗ് നടത്തിയെങ്കിലും ആഴ്ചകൾക്കുള്ളിൽ അത് പൂർണമായും പൊളിഞ്ഞു.
പാലാ മണ്ഡലത്തിൽപ്പെട്ട റോഡാണിത്. ഈ സാമ്പത്തികവർഷം 25 ലക്ഷം രൂപ അനുവദിച്ച് മാർച്ചിനു മുമ്പ് പണിപൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. റോഡ് തകർന്നതിനാൽ ഓട്ടോറിക്ഷകളും ടാക്സികളും ഓട്ടം വരാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് റോഡ് ടാറിംഗ് നടത്തണമെന്നാണ് ആവശ്യമുയരുന്നത്.