ബൈക്കും കാറും കൂട്ടിയിടിച്ചു : ബൈക്ക് യാത്രക്കാരനായ 19കാരന് കാര്‍ യാത്രക്കാരന്റെ ക്രൂരമര്‍ദനം
1515113
Monday, February 17, 2025 6:30 AM IST
ചിങ്ങവനം: ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ 19കാരന് കാര്‍ യാത്രക്കാരന്റെ ക്രൂരമര്‍ദനം. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തോട്ടയ്ക്കാട് ശിവസദനത്തില്‍ മനുവിനെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കട്ടപ്പന സ്വദേശി കുന്നേല്‍ ആഷിക് ബൈജു (19) വിനാണ് മര്‍ദനമേറ്റത്. ആഷിക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. കോളജ് ഹോസ്റ്റലില്‍ താമസിച്ചാണ് ആഷിക് പഠിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ബൈക്കില്‍ വീട്ടില്‍ പോകുകയും വരികയുമാണ് പതിവ്. വീട്ടില്‍നിന്ന് വരുന്ന ദിവസം ബൈക്ക് സുഹൃത്തിന്റെ വീട്ടില്‍ വയ്ക്കും.
സംഭവദിവസം സുഹൃത്തിന്റെ വീട്ടില്‍നിന്നു ബൈക്കെടുത്തശേഷം ഇന്ധനം നിറയ്ക്കുന്നതിനായി പരുത്തുംപാറ ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയത്താണ് മുന്നില്‍ പോയ ഓട്ടോറിക്ഷ വലത്തേക്ക് വെട്ടിച്ചത്, പിന്നാലെയെത്തിയ ആഷിക് ബൈക്ക് വെട്ടിച്ചുമാറ്റുന്നതിനിടെ എതിര്‍ദിശയില്‍നിന്നെത്തിയ കാറില്‍ തട്ടുകയായിരുന്നു.
ബൈക്ക് കാറില്‍ തട്ടി ആഷിക് റോഡിലേക്ക് വീണു. ഈ സമയം കാറിനുള്ളില്നിന്നിറങ്ങി വന്നയാള്‍ പ്രകോപനമില്ലാതെ ആഷിക്കിനെ ചവിട്ടുകയായിരുന്നെന്ന് ചിങ്ങവനം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ആഷിക് നിലത്ത് വീണിട്ടും ചവിട്ടു തുടര്‍ന്നു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് ആഷിക്കിനെ രക്ഷിച്ചത്. പരിക്കേറ്റ ആഷിക്കിനെ ആദ്യം കോട്ടയം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ആശുപത്രിയില്നിന്നുമുള്ള പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.