വന്യജീവി ആക്രമണം അറിഞ്ഞാലും ആർആർടി തിരിഞ്ഞുനോക്കില്ല
1513586
Thursday, February 13, 2025 12:03 AM IST
മുണ്ടക്കയം: വന്യജീവി ആക്രമണം തടയാനായി രൂപീകരിച്ചിരിക്കുന്ന വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) പ്രഹസനമെന്ന് ആക്ഷേപം.
വന്യമൃഗശല്യം അതിരൂക്ഷമായതോടെ മുണ്ടക്കയം വണ്ടൻപാതൽ ഫോറസ്റ്റ് സ്റ്റേഷനിലും പീരിമേട്ടിലും രണ്ട് ദ്രുത പ്രതികരണ സംഘങ്ങളെയാണു പുതിയതായി നിയമിച്ചത്. ഒരു ടീമിൽ പത്ത് അംഗങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയെന്നു വിളിച്ച് ഇവരെ അറിയിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ചെന്നാപ്പാറ കൊമ്പൻപാറ ഭാഗത്ത് കാട്ടാന ഇറങ്ങി വീട്ടമ്മയെ കൊലപ്പെടുത്തിയിരുന്നു. ആന ഇറങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ജീപ്പിൽ ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വന്നു തലകാണിച്ച് മടങ്ങുകയാണ് ചെയ്യുന്നതെന്നും ഇവർക്കു വന്യമൃഗങ്ങളെ ജനവാസ മേഖലയിൽനിന്നു തുരുത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലെന്നും വനാതിർത്തി മേഖലയിലെ ആളുകൾ പറയുന്നു.
പരാതി പറഞ്ഞാൽ വാഹനം മാത്രമാണുള്ളതെന്നും ഉദ്യോഗസ്ഥറുടെ എണ്ണം വളരെ കുറവാണെന്നും പറഞ്ഞ് തടിതപ്പുകയാണ് പതിവ്. മേഖലയിലിറങ്ങുന്ന കാട്ടാനകളെ നാട്ടുകാർ തന്നെയാണ് വനത്തിലേക്ക് മടക്കി അയയ്ക്കുന്നത്. അതേസമയം, വനത്തിൽനിന്നു ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ആനകളെ തുരത്താൻ തയാറാകാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ ആളുകൾ വനത്തിൽ കയറുന്നുണ്ടോ എന്നുള്ള പരിശോധന മാത്രമാണ് നടത്തുന്നതെന്നും ഇതിനുവേണ്ടിയാണ് പല സ്ഥലത്തും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപം ശക്തമാവുകയാണ്.
കാട്ടാനപ്പേടി: ചെന്നാപ്പാറ, മതമ്പ മേഖലയിലേക്കുള്ള
രാത്രികാല ബസ് സർവീസ് നിർത്തുന്നു
മുണ്ടക്കയം ഈസ്റ്റ്: കാട്ടാനശല്യം അതിരൂക്ഷമായതോടെ പെരുവന്താനം പഞ്ചായത്തിന്റെ മതമ്പ, ചെന്നാപ്പാറ മേഖലയിലേക്കുള്ള രാത്രികാല സ്വകാര്യ ബസ് സർവീസുകൾ നിർത്തുന്നു.
രണ്ട് സ്വകാര്യ ബസുകൾ അഞ്ചു സർവീസുകളാണ് മേഖലയിലേക്ക് നടത്തിയിരുന്നത്. ഇതിൽ വൈകുന്നേരം 6.40ന് മുണ്ടക്കയത്തുനിന്നു പുറപ്പെട്ട് മതമ്പയിലെത്തുന്ന ബസ് സർവീസ് ചെന്നാപ്പാറ ടോപ്പിൽ അവസാനിപ്പിക്കുകയാണ്. രാത്രി ഒമ്പതിന് മുണ്ടക്കയത്തുനിന്നു മതമ്പയിലേക്കുള്ള ബസ് സർവീസ് പൂർണമായും നിർത്തി.
അതിരൂക്ഷമായ കാട്ടാന ശല്യമാണ് ഈ പ്രദേശങ്ങളിൽ ഉള്ളതെന്നും ബസ് കടന്നുപോകുമ്പോൾ പലപ്പോഴും കാട്ടാനക്കൂട്ടം മുന്നിൽ എത്താറുണ്ടെങ്കിലും അദ്ഭുതകരമായിട്ടാണ് രക്ഷപ്പെടുന്നതെന്നും ബസ് ജീവനക്കാർ പറയുന്നു. രാത്രി ഒന്പതിന് മുണ്ടക്കയത്തുനിന്ന് ആരംഭിക്കുന്ന സർവീസ് മതമ്പയിലെത്തിയ ശേഷം ഇവിടെ താമസിക്കാൻ മതിയായ സൗകര്യം ഇല്ലാത്തതിനാൽ ജീവനക്കാർ മുണ്ടക്കയത്തേക്ക് മടങ്ങുകയാണ് പതിവ്.
കഴിഞ്ഞ ദിവസം ബസ് സർവീസിനുശേഷം മുണ്ടക്കയത്തേക്ക് മടങ്ങുന്നതിനിടെ ബസ് ജീവനക്കാർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചെന്നാപ്പാറ കൊമ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞതോടെ ഭയപ്പാടോടെയാണ് സർവീസ് നടത്തുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു. കൂടാതെ മേഖലയിലേക്കുള്ള റോഡും തകർന്ന് ശോചനീയാവസ്ഥയിലാണ്. ഇതാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമെന്നും സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു.
വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയത്തുനിന്നു നിരവധി ബസുകൾ ഈ ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്നു. നിരവധി യാത്രക്കാർ ഇതിൽ സഞ്ചരിക്കുകയും ട്രിപ്പ് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, കാലങ്ങൾ കഴിഞ്ഞതോടെ എസ്റ്റേറ്റിൽ വന്യമൃഗശല്യം അതിരൂക്ഷമായി. പല കുടുംബങ്ങളും ഇവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറി.
രണ്ടായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ഇന്ന് 700ൽതാഴെ ജീവനക്കാർ മാത്രമാണുള്ളതെന്നും പറയപ്പെടുന്നു.